62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് സമാപിക്കും. ആവേശകരമായ അന്ത്യത്തിലേക്കാണ് കലോത്സവം മുന്നേറുന്നത്. സ്‌കൂള്‍ കലോത്സവം ഇന്ന് സമാപിക്കുമ്പോള്‍ സ്വര്‍ണകപ്പില്‍ മുത്തമിടുന്നത് ആരെന്നറിയാനുള്ള ആകാംഷയിലാണ് കേരളം. കോഴിക്കോടും കണ്ണൂരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 223 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ കോഴിക്കോടിന് 896 പോയിൻറാണുള്ളത്. കണ്ണൂരിന് 892ഉം. 869 പോയിന്റുമായി പാലക്കാടും 850 തൃശൂരും 837 പോയിന്റുമായി മലപ്പുറവും 834 പോയിന്റുമായി കൊല്ലവും ശക്തമായ പോരാട്ടം നടത്തുന്നു.
ഇന്ന് രാവിലത്തെ മത്സരങ്ങള്‍ കഴിഞ്ഞ് അഞ്ചു മണിക്ക് സമാപന സമ്മേളനം ആരംഭിക്കും. ചടങ്ങില്‍ മുഖ്യാതിഥി പത്മശ്രീ. മമ്മൂട്ടിയാണ്. ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ അധ്യക്ഷതയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സമ്മാന വിതരണം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയും മമ്മൂട്ടിയും വേദിയിലുള്ള വിശിഷ്ട വ്യക്തികളും ചേര്‍ന്ന് നിര്‍വ്വഹിക്കും. മന്ത്രിമാരായ ജി.ആര്‍. അനില്‍, സജി ചെറിയാന്‍, ചിഞ്ചു റാണി എന്നിവര്‍ പങ്കെടുക്കും.
സ്വര്‍ണക്കപ്പ് സ്വന്തമാക്കുന്ന ജില്ലയില്‍ നിന്ന് സമ്മാനം വാങ്ങാന്‍ ഇരുപത് കുട്ടികള്‍ക്ക് മാത്രമെ പ്രധാനവേദിയില്‍ അനുവാദം നല്കുകയുള്ളുവെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ആഹ്ലാദം പങ്കിടാനും ഫോട്ടോ എടുക്കാനുമുള്ള സൗകര്യം സ്റ്റേജിന് താഴെ ഒരുക്കും. കലോത്സവ പ്രതിഭകള്‍ കലാരംഗത്ത് തുടരാന്‍ എന്താണ് ചെയ്യാനാകുക എന്നത് സര്‍ക്കാര്‍ പരിശോധിക്കും. വിജയിച്ചവര്‍ക്ക് ട്രോഫി കമ്മിറ്റി ഓഫീസ് വഴി ട്രോഫി വിതരണം ചെയ്യുന്നുണ്ട്. പ്രോത്സാഹനവും സര്‍ട്ടിഫിക്കറ്റും താമസിയാതെ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും കൂടുതല്‍ മത്സരാര്‍ഥികള്‍ പങ്കെടുത്തത് കോഴിക്കോട് ജില്ലയില്‍ നിന്നാണ്. 1001 കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. എച്ച്എസ്, എച്ച്എസ്എസ് വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തത് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി ഹൈസ്‌കൂളില്‍ നിന്നാണ്. സ്‌കൂള്‍ വിഭാഗത്തില്‍ പാലക്കാട് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ് 199 പോയിന്റു നേടി ബഹുദൂരം മുന്നിലാണ്. തിരുവനന്തപുരം വഴുതയ്‌ക്കാട് കാര്‍മല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ (103), വയനാട് മാനന്തവാടി എംജിഎംഎച്ച്എസ്എസ് (84) മൂന്നാംസ്ഥാനത്തുമാണ്.
ആറ് പതിറ്റാണ്ടിനിടെ ഇത് നാലാം തവണയാണ് കൊല്ലത്തിന് ആതിഥേയരാകാൻ അവസരം ലഭിക്കുന്നത്. ഒന്നരപതിറ്റാണ്ടിന് ശേഷമാണ് സംസ്ഥാന കലോത്സവത്തിന് കൊല്ലം വേദിയാകുന്നത്. 24 വേദികളാണ് കൊല്ലം നഗരത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 239 ഇനങ്ങളിൽ 14,000 പ്രതിഭകളാണ് മാറ്റുരയ്ച്ചത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള താമസസൗകര്യം 31 സ്‌കൂളുകളുകളിലായാണ് ഒരുക്കിയിരുന്നത്. പതിനാല് സ്‌കൂളുകളിലായി 2475 ആൺകുട്ടികൾക്കും ഒമ്പത് സ്‌കൂളുകളിലായി 2250 പെൺകുട്ടികൾക്കുമാണ് താമസ സൗകര്യം. കൂടാതെ എല്ലാ ടൗൺ ബസ് സർവ്വീസുകളും കെഎസ്ആർടിസി, ഓർഡിനറി ബസുകളും ചിന്നക്കട ആശ്രമം വഴി കടപ്പാക്കട റൂട്ടിലൂടെ കലോത്സവം അവസാനിക്കുന്നതുവരെ സർവ്വീസ് തുടരും.
വേദികളിലേക്കും കെഎസ്ആർടിസിയും കൊല്ലം കോർപ്പറേഷന്റെ നേതൃത്വത്തിലുള്ള ഗ്രാമവണ്ടിയും സൗജന്യയാത്ര ഒരുക്കുന്നതായിരിക്കും. ഇരുപത്തിയഞ്ച് ഓട്ടോറിക്ഷകൾ വേദികളിൽ നിന്നും മറ്റു വേദികളിലേക്ക് മത്സരാർഥികളെ എത്തിക്കുന്നതിനായി സൗജന്യ സേവനവും നടത്തുന്നുണ്ട് ഈ ഓട്ടോറിക്ഷകൾ പ്രത്യേകം ബോർഡ് വെച്ചായിരിക്കും സജ്ജീകരിച്ചിരിക്കുന്നതെന്നും അധികൃതർ അറിയിച്ചിരുന്നു.
507 അപ്പീലുകളാണ് സംഘാടക സമിതിയ്‌ക്ക് മുമ്പാകെ വന്നത്. ഇതില്‍ 359 അപ്പീലുകള്‍ ഡിഡി മാര്‍ മുഖേനയും 211 അപ്പീലുകള്‍ വിവിധ കോടതികള്‍ മുഖേനയും വന്നതാണ്. കഴിഞ്ഞ വര്‍ഷം അപ്പീലൂകളുടെ എണ്ണം 362 ആയിരുന്നു. ഇരട്ടിയോളം വര്‍ധനയാണ് അപ്പീലുകളില്‍ ഉണ്ടായത്. മത്സരങ്ങള്‍ കൃത്യസമയത്ത് ആരംഭിക്കാനായെങ്കിലും അപ്പീല്‍ കൂടുതലുള്ള വേദികളില്‍ പരിപാടികള്‍ നീണ്ടു പോയി.