കൈക്കൂലി ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയില്‍ നിന്ന് പുറത്താക്കി. പരാതി അന്വേഷിച്ച പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി മെഹുവയെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്ത് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ച് പ്രമേയം അവതരിപ്പിച്ചാണ് ലോക്‌സഭയില്‍ നിന്ന് മെഹുവയെ പുറത്താക്കിയത്. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിച്ചതിന് എംപി വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം.
എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാന്‍ സമയം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ ഓം ബിര്‍ള സമ്മതിച്ചില്ല. മെഹുവയ്ക്ക് പാര്‍ലമെന്റില്‍ പ്രതികരിക്കാന്‍ അവസരം നല്‍കണമെന്ന ആവശ്യവും അംഗീകരിച്ചില്ല.
കൈക്കൂലി ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ പുറത്താക്കണമെന്ന് എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ലോക്‌സഭയുടെ മേശപ്പുറത്ത് വെച്ച റിപ്പോര്‍ട്ടിലാണ് മൊയ്ത്രയെ ലോക്സഭാ അംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്ന് ശുപാര്‍ശ ചെയ്തത്. എംപിയുടേത് അങ്ങേയറ്റം ആക്ഷേപകരവും ഹീനവുമായ നടപടിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സമയബന്ധിതമായി ഈ വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും കമ്മറ്റി ശുപാര്‍ശ ചെയ്തു. ബിജെപി എംപി വിനോദ് കുമാര്‍ സോങ്കറിന്റെ നേതൃത്വത്തിലുള്ള എത്തിക്സ് കമ്മിറ്റിയാണ് ആരോപണം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
‘മഹുവ മൊയ്ത്രയുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ തെറ്റുകള്‍ കഠിനമായ ശിക്ഷ അര്‍ഹിക്കുന്നതാണ്. അതിനാല്‍, എംപിയായ മൊയ്ത്രയെ പതിനേഴാം ലോക്സഭയുടെ അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ സമിതി ശുപാര്‍ശ ചെയ്യുന്നു. മൊയ്ത്രയുടെ അങ്ങേയറ്റം ആക്ഷേപകരവും അനീതിപരവും ഹീനവും ക്രിമിനല്‍ പെരുമാറ്റവും കണക്കിലെടുത്ത് സമയബന്ധിതമായി കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു’, റിപ്പോര്‍ട്ടില്‍ പറയുന്നു.
നവംബര്‍ 9-ന് നടന്ന യോഗത്തില്‍, മൊയ്ത്രയെ ലോക്സഭയില്‍ നിന്ന് പുറത്താക്കാന്‍ ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് കമ്മറ്റി അംഗീകരിച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട കോണ്‍ഗ്രസ് എംപി പ്രണീത് കൗര്‍ ഉള്‍പ്പെടെയുള്ള ആറ് അംഗങ്ങള്‍ എത്തിക്സ് കമ്മിറ്റിയുടെ ശുപാര്‍ശ അടങ്ങുന്ന റിപ്പോര്‍ട്ടിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. അതേസമയം പ്രതിപക്ഷ പാര്‍ട്ടികളിലെ നാല് അംഗങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തി. പിന്നാലെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഡിസംബര്‍ നാലിലെ ലോക്‌സഭയുടെ അജണ്ടയില്‍ റിപ്പോര്‍ട്ട് പട്ടികപ്പെടുത്തിയിരുന്നുവെങ്കിലും മേശപ്പുറത്ത് വച്ചിരുന്നില്ല.