തെലങ്കാന മുഖ്യമന്ത്രിയായി അനുമുല രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 10 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിയായി ഭട്ടി വിക്രമര്‍ക്ക മല്ലുവും അധികാരമേറ്റു.ഹൈദരാബാദിലെ ലാല്‍ ബഹാദൂര്‍ സ്റ്റേഡിയത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി (സിപിപി) അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.നിയമസഭയുടെ അംഗബലം അനുസരിച്ച് തെലങ്കാനയില്‍ മുഖ്യമന്ത്രിയടക്കം 18 മന്ത്രിമാരുണ്ടാകും.
ദാമോദര്‍ രാജ നരസിംഹ, ഉത്തം കുമാര്‍ റെഡ്ഡി, കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡി, സീതക്ക, പൊന്നം പ്രഭാകര്‍, ശ്രീധര്‍ ബാബു, തുമ്മല നാഗേശ്വര്‍ റാവു, കൊണ്ടാ സുരേഖ, ജുപള്ളി, കൃഷ്ണ പൊങ്കുലേട്ടി എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത പത്ത് നേതാക്കള്‍.
പതിനായിരക്കണക്കിന് പ്രവര്‍ത്തകരെ സാക്ഷിയാക്കിയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ആകെയുള്ള 119 സീറ്റില്‍ 64ലും കോണ്‍ഗ്രസാണ് വിജയിച്ചത്. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, ഭാരത് രാഷ്ട്ര സമിതിയില്‍ നിന്ന് അധികാരം പിടിച്ചെടുത്തിരുന്നു. തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി ദയനീയ പരാജയമാണ് നേരിട്ടത്. 39 സീറ്റുകൾ മാത്രമാണ് പാർട്ടിക്ക് നേടാനായത്.
തെലങ്കാനയിലെ ചരിത്ര ജയത്തിന് പിന്നില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഖമായിരുന്ന റെഡ്ഡിയായിരുന്നു.
ചൊവ്വാഴ്ച രേവന്ത് റെഡ്ഡിയെ കോണ്‍ഗ്രസ് ലെജിസ്ലേച്ചര്‍ പാര്‍ട്ടി (സിഎല്‍പി) നേതാവായും തെലങ്കാനയിലെ അടുത്ത മുഖ്യമന്ത്രിയായും കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, കർഷകർക്കും കുടിയാൻ കർഷകർക്കും പ്രതിവർഷം 15,000 രൂപ, എല്ലാ വീടുകൾക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, തെലങ്കാന സമര പോരാളികൾക്ക് 250 ചതുരശ്ര യാർഡ് പ്ലോട്ടുകൾ അനുവദിക്കൽ എന്നിവ അടക്കമുള്ള വാഗ്ദാനങ്ങളാണ് രേവന്ത് റെഡ്ഡി പ്രചാരണ വേളയിൽ നൽകിയിരുന്നത്.