തിരുവനന്തപുരത്ത് യുവ ഡോ.ഷഹനയുടെ മരണത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ മെഡിക്കൽ എജുക്കേഷൻ ഡയറക്ടര്‍, ജില്ലാ കളക്ടര്‍, കമ്മീഷണര്‍ എന്നിവരോട് റിപ്പോര്‍ട്ട് തേടി. ഈ മാസം 14 ന് നേരിട്ട് ഹാജരായി റിപ്പോർട്ട് നൽകാനാണ് മൂവരോടും നിര്‍ദ്ദേശിച്ചിരിക്കുന്നത്. സ്ത്രീധനത്തിൻറെ പേരിൽ വിവാഹ വാഗ്ദാനത്തിൽ നിന്നും സുഹൃത്തായ ഡോക്ടർ പിന്മാറിയതാണ് ഷഹനയുടെ ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം പിജി. വിദ്യാര്‍ഥിനി ഡോ.ഷഹ്‌ന(28)യുടെ മരണമാണ് വീണ്ടും സ്ത്രീധന വിവാദം ഉയർത്തിക്കൊണ്ടുവന്നിരിക്കുന്നത്. ഡോക്ടറുടെ ആത്മഹത്യയ്ക്ക് കാരണമായത് സ്ത്രീധനത്തെച്ചൊല്ലിയുള്ള വിഷയങ്ങളാണെന്ന് വ്യക്തമാക്കി മരണമടഞ്ഞ പെൺകുട്ടിയുടെ ബന്ധുക്കൾ രംഗത്തെത്തി. ഷഹനയെ വിവാഹം കഴിക്കാമെന്ന് ഉറപ്പു നൽകിയിരുന്ന കൂടെ പഠിക്കുന്ന സുഹൃത്ത് വിവാഹത്തില്‍നിന്ന് പിന്മാറിയതാണ് പെൺകുട്ടിയുടെ ആത്മഹത്യക്ക് കാരണമെന്നാണ് ഉയർന്നുവരുന്ന ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഷഹ്‌ന എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഷഹനയുടെ ആത്മഹത്യയ്ക്ക് കാരണം സ്ത്രീധന വിഷയമാണെന്ന് ബന്ധുക്കൾ ആരോപണം ഉയർത്തിയതോടെ ആത്മഹത്യയ്ക്ക് കാരണക്കാരനെന്ന് കരുതുന്ന യുവ ഡോക്ടറെ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് മെഡിക്കൽ കോളേജ് പൊലീസ്. ചോദിച്ച സ്ത്രീധനവും ആഡംബര കാറും ലഭിക്കാതെ വിവാഹം കഴിക്കാൻ സാധ്യമല്ലെന്ന് സുഹൃത്ത് പറഞ്ഞതായാണ് പുറത്തുവരുന്ന വിവരങ്ങൾ.
തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് മൈത്രി നഗര്‍ ജാസ് മന്‍സിലില്‍ പരേതനായ അബ്ദുള്‍ അസീസിൻ്റെയും ജമീലയുടെയും മകളാണ് ഷഹ്‌ന. ആലപ്പുഴ ഗവ. ടിഡി മെഡിക്കല്‍ കോളേജില്‍നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗത്തില്‍ 2022 ബാച്ചിലാണ് ഷഹ്‌നപിജിക്ക് പ്രവേശനം നേടിയത്. രണ്ടുവര്‍ഷം മുന്‍പായിരുന്നു ഷഹ്‌നയുടെ പിതാവ് അബ്ദുള്‍ അസീസ് മരണമടഞ്ഞത്. അബ്ദുൽ അസീസ് മരിച്ചതോടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. പിതാവ് മരിക്കുന്നതിനു മുൻപ് തന്നെ ഷഹ്‌നയും സുഹൃത്തുമായുള്ള വിവാഹംതീരുമാനിച്ചിരുന്നു. അന്ന് യുവാവിൻ്റെ വീട്ടുകാർ ഉയർന്ന സ്ത്രീധനമാണ് വിവാഹത്തിനായി ആവശ്യപ്പെട്ടിരുന്നത്.
വിവാഹത്തിനായി വീടിന്റെ പെയിൻ്റ് പണിയുൾപ്പെടെ നടത്തിയിരുന്നു. ഈ സമയത്താണ് ഭീമമായ തുക സ്ത്രീധനമായി ആവശ്യപ്പെട്ട് വരൻ്റെ ബന്ധുക്കളെത്തിയതെന്നും കുടുംബം ആരോപിച്ചു. എന്നാൽ ഇത് നൽകാൻ ഷഹ്‌നയുടെ കുടുംബത്തിന് കഴിയുമായിരുന്നില്ല. അതിനാൽ വിവാഹം മുടങ്ങുകയായിരുന്നു. ഷഹ്‌നയുടെ കുടുംബത്തോട് 150 പവനും 15 ഏക്കര്‍ ഭൂമിയും ഒരു ബി.എം.ഡബ്ല്യൂ. കാറുമാണ് സ്ത്രീധനമായി യുവാവിൻ്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടതെന്നാണ് ഷഹ് നയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. അതിനിടയിലാണ് ഷഹ്‌നയുടെ പിതാവ് മരിക്കുന്നത്. ഇതോടെ കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടിലാവുകയായിരുന്നു. ആവശ്യപ്പെട്ട സ്ത്രീധനം നൽകാൻ കഴിയില്ലെന്ന് മനസ്സിലായതോടെ യുവാവ് വിവാഹത്തിൽ നിന്നും പിന്മാറിയെന്നാണ് ഉയരുന്ന ആരോപണം. വിവാഹത്തിന് വീട്ടുകാർ സമ്മതിക്കുന്നില്ലെന്നാണ് യുവാവ് ഷഹ്‌നനയോട് പറഞ്ഞുതെന്നും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഇതോടെ യുവതി മാനസിക വിഷമത്തിലായിരുന്നു. അടുത്തകാലത്തായി ആരോടും സംസാരിക്കാറില്ലായിരുന്നു എന്നും വീട്ടുകാർ പറയുന്നു. തുടർന്നാണ് കഴിഞ്ഞദിവസം അപ്രതീക്ഷിതമായി ഷഹ്‌ന ആത്മഹത്യ ചെയ്തത്.