കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കോട്ടയായ ഹൈദരാബാദില്‍ നിന്ന് മത്സരിക്കണമെന്ന് ഒവൈസി ആവശ്യപ്പെട്ടു. ഞായറാഴ്ച ഹൈദരാബാദില്‍ നടന്ന ഒരു പൊതുയോഗത്തിലായിരുന്നു ഒവൈസിയുടെ വെല്ലുവിളി. രാഹുല്‍ ഗാന്ധി തുടര്‍ച്ചയായി വലിയ പ്രസ്താവനകള്‍ നടത്തുകയാണ്. ഗോദയിലേക്ക് നേരിട്ടിറങ്ങി വന്ന് എനിക്കെതിരെ പോരാടൂ. കോണ്‍ഗ്രസില്‍ നിന്നുള്ളവര്‍ പല കാര്യങ്ങളും പറയും. പക്ഷേ താന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ ഹൈദരാബാദിൽ മത്സരിക്കാൻ ധൈര്യമുണ്ടോയെന്ന് ഒവൈസി വെല്ലുവിളിച്ചു. വയനാട്ടിൽ അല്ല ഇക്കുറി മത്സരിക്കേണ്ടത്. കോൺഗ്രസിൻ്റെ ഭരണകാലത്താണ് ബാബറി മസ്ജിദ് തകർത്തതെന്ന കാര്യം ആരും മറക്കരുതെന്നും അസദുദ്ദീൻ ഒവൈസി പറഞ്ഞു.
ഒവൈസി ബിജെപിയുടെ പോക്കറ്റിലാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് വെല്ലുവിളി. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എഐഎംഐഎമ്മിനെതിരെയും ഒവൈസിക്കെതിരെയും അന്വേഷണം നടത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പ്രസ്താവന.
‘എഐഎംഐഎമ്മിനെതിരെ ഒരു കേസും ഇല്ല. പ്രതിപക്ഷം മാത്രമാണ് ആക്രമിക്കപ്പെടുന്നത്. മോദി ഒരിക്കലും സ്വന്തം ജനങ്ങളെ ആക്രമിക്കാറില്ല. അദ്ദേഹം നിങ്ങളുടെ മുഖ്യമന്ത്രിയെയും എഐഎംഐഎം നേതാക്കളെയും തന്റേതായി കണക്കാക്കുന്നു. അതിനാല്‍ അവര്‍ക്കെതിരെ ഒരു കേസും ഇല്ലെന്നായിരുന്നു രാഹുലിന്റെ വാദം. തെലങ്കാനയില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് വാഗ്ദാനം പ്രഖ്യാപിച്ചതിന് ശേഷം തുക്കുഗുഡയില്‍ നടന്ന ഒരു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.