ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കാനുള്ള ഭരണഘടനാ ഭേദഗതി ബില്ലിന് രാജ്യസഭയും അംഗീകാരം നൽകി. നീണ്ടുനിന്ന ചർച്ചകൾക്കൊടുവിൽ ആണ് വനിത സംവരണ ബിൽ രാജ്യസഭയിലും പാസായത്. ലോക്‌സഭയില്‍ പരമ്പരാഗതരീതിയില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തിയാണ് ബില്ലിന് അംഗീകാരം നല്‍കിയതെങ്കില്‍ രാജ്യസഭയില്‍ ഇലക്ട്രോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടത്തി ബില്‍ പാസാക്കിയത്.
വോട്ടെടുപ്പിൽ 215 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ, എതിർത്ത് ആരും രംഗത്തുവന്നില്ല. ഇന്നലെ ലോക്സഭയിലും ബിൽ പാസായിരുന്നു. പാര്‍ലമെന്റിന്റെ ഇരുസഭകളും ബില്‍ പാസാക്കിയെടുത്തെങ്കിലും വനിതാസംവരണം നടപ്പിലാകാന്‍ ഏറെ കാത്തിരിക്കേണ്ടിവരും. വനിത സംവരണം 2026 ന് ശേഷമേ നടപ്പാകൂവെന്നാണ് കേന്ദ്രമന്ത്രി നിർമല സീതാരാമൻ ചർച്ചക്കിടെ പറഞ്ഞത്. സെൻസസ് നടപടികൾ 2026 ലേ പൂർത്തിയാകൂവെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു. സെന്‍സെസ്, മണ്ഡല പുനര്‍ നിര്‍ണ്ണയ നടപടികള്‍ പൂര്‍ത്തിയായാലേ നിയമം നടപ്പാക്കാനാകൂ. വരുന്ന ലോക് സഭ തെരഞടുപ്പിന് ശേഷമേ ഈ നടപടികള്‍ തുടങ്ങൂയെന്ന് അമിത്ഷായും വ്യക്തമാക്കിയതോടെ വനിത സംവരണം 2024ലുണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പായി.
എല്ലാ രാഷ്ട്രീയ പാർട്ടികളും അനുകൂലിച്ചത് സ്ത്രീശാക്തീകരണത്തിന് ഊര്‍ജ്ജമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തിന് പുതിയ ദിശ ബോധം നൽകുന്ന ബില്ലാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണ നേടാനായെന്നും ചർച്ചക്കിടെ മോദി പറഞ്ഞു. ബിൽ പാസായ ശേഷം എംപിമാർക്ക് മോദി നന്ദി അറിയിച്ചു