ആലുവയിൽ അതിക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരി നാടിന് കണ്ണീരോർമ്മയായി. ഒരു നാട് മുഴുവൻ ആ പെൺകുഞ്ഞിന് കണ്ണീരോടെ വിടചൊല്ലി. അലമുറയിട്ട് കരയുന്ന അമ്മയും വിതുമ്പി നിൽക്കുന്ന അച്ഛനും കണ്ണീർക്കാഴ്ചയായി. ഈ ദുരന്തത്തെ തുടർന്ന് നാടെങ്ങും വൻപ്രതിഷേധമാണ് ഉയരുന്നത്.
കുട്ടി പഠിച്ച തായിക്കാട്ടുകര സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു. അതിവൈകാരിക നിമിഷങ്ങളായിരുന്നു ഇവിടെ. ഒരു നാട് മുഴുവൻ അഞ്ചുവയസ്സുകാരിക്ക് സംഭവിച്ച ദുരന്തത്തിൽ വിങ്ങിപ്പൊട്ടി. അധ്യാപകരും രക്ഷിതാക്കളും കൂട്ടുകാരും വിതുമ്പിക്കൊണ്ടാണ് അവൾക്ക് അന്ത്യാജ്ഞലി അർപ്പിച്ചത്. ആംബുലൻസ് കടന്നു പോയ വഴിയരികിലും ആളുകൾ ആ പെൺകുഞ്ഞിനെ ഒരു നോക്ക് കാണാൻ കാത്തുനിന്നു. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ ഇവിടെ എത്തിച്ചേർന്നിരുന്നു. കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിൽ അവൾ അവസാന ഉറക്കത്തിലേക്ക് പോയി. സ്കൂളിൽ നിന്ന് എട്ടുകിലോമീറ്റർ ദൂരെയാണ് കീഴ്മാട് ശ്മശാനം.
ആലുവയിൽ അഞ്ചുവയസ്സുകാരി പെൺകുഞ്ഞിനെ വെള്ളിയാഴ്ച കാണാനില്ലെന്ന പരാതി കിട്ടിയതിനെ തുടർന്ന് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പ്രതിയെ കസ്റ്റഡിയിലെടുത്തെങ്കിലും മദ്യലഹരിയിലായിരുന്നതിനാൽ ഇയാളിൽ നിന്ന് കൂടുതൽ വിവരങ്ങളും പൊലീസിന് ലഭിച്ചില്ല. കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്. പിന്നീട് വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് കുട്ടിയെ കൊലപ്പെടുത്തിയെന്ന് ഇയാൾ സമ്മതിച്ചത്. ക്രൂരകൃത്യം നടത്തിയ പ്രതി അസഫാക് ആലത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച മൂന്ന് മണിയോടെയാണ് ഇയാൾ പെൺകുട്ടിയെ കടത്തിക്കൊണ്ട് പോയത്. പിന്നീട് പെൺകുഞ്ഞിനെ കണ്ടെത്തുന്നത് ആലുവ മാർക്കറ്റിനുള്ളിൽ ചേതനയറ്റ മൃതദേഹമായിട്ടാണ്. കൊല നടത്തിയത് വെള്ളിയാഴ്ച വൈകിട്ട് 5.30 യോടെയെന്ന് പ്രതി പൊലീസിന് മൊഴി നൽകി. പ്രതി അസ്ഫക് കുഞ്ഞിനെ അതിക്രൂര പീഡനത്തിനിരയാക്കിയിരുന്നു. കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളിലും ആന്തരീകാവയവങ്ങളിലും ഗുരുതരമുറിവുകളാണ് കണ്ടെത്തിയത്. ബലപ്രയോഗത്തിനിടെ ആ കുഞ്ഞുശരീരം മുഴുവൻ മുറിവുകളുണ്ടായിരുന്നു. കുഞ്ഞ് അതിക്രൂര പീഡനത്തിനിരയായതായി പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു. ബലാത്സംഗത്തിന് ശേഷം പ്രതി കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. അതിന് ശേഷം മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിക്കുകയായിരുന്നു.