ദുബായ് സമ്മർ സർപ്രൈസിന്റെ 26-ാമത് പതിപ്പിന് ഈ മാസം 29 ന് തുടക്കമാകും. ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റിന്റെ നേതൃത്വത്തിൽ ജൂൺ 29 മുതൽ സെപ്റ്റംബർ 3 വരെ ആണ് ദുബായ് സമ്മർ സർപ്രൈസ് നടക്കുക. താമസക്കാരുടെയും സന്ദർശകരുടെയും ജീവിത നിലവാരം ഉയർത്തുന്നതിനും വേനല്‍ക്കാല വിനോദം എന്ന നിലക്കുമാണ് ദുബായ് സമ്മർ സർപ്രൈസ് ഇത്തവണ നടക്കുന്നത് എന്ന് ദുബായ് ഫെസ്റ്റിവല്‍സ് ആന്‍റ് റീടെയ്ല്‍ എസ്റ്റാബ്ലിഷ്മെന്‍റ് സിഇഒ അഹമ്മദ് അല്‍ ഖാജ പറഞ്ഞു.
ജൂൺ മാസം 29 ന് ആണ് 90 ശതമാനം വരെ വിലക്കിഴിവോടെ 12 മണിക്കൂർ വില്പന സംഘടിപ്പിക്കുന്നത്. അന്നുതന്നെ ഈദ് അല്‍ അദ വാരാന്ത്യ അവധിയോടും കൂടിയാണ് ഇത്തവണ ഡിഎസ്എസ് ആരംഭിക്കുന്നത്. പതിവുപോലെ ഇത്തവണയും ദുബായ് സമ്മർ സർപ്രൈസിന്റെ ഭാഗമായി മെഗാ റാഫില്‍ നറുക്കെടുപ്പും വിവിധ കലാപരിപാടികളും വിലക്കിഴിവും ഉണ്ടാകും. ദുബായിലെ 3500 ഓളം ഔട്ട്ലെറ്റുകളില്‍ 75 ശതമാനം വരെ ഡിസ്കൗണ്ടിൽ 800 ലധികം ബ്രാന്‍ഡുകളിലുള്ള സാധനങ്ങള്‍ വാങ്ങുമ്പോള്‍ വിസ ക്രെഡിറ്റ്- ഡെബിറ്റ് കാർഡുകളില്‍ സ്കൈവാർഡ് സൗകര്യമുളളവർക്ക് അഞ്ച് ഇരട്ടി സ്കൈവാർഡ് മൈല്‍സ് ലഭിക്കും. വിവിധ ഹോട്ടലുകളിലും വിനോദസഞ്ചാര ആകർഷണങ്ങളിലും കുട്ടികള്‍ക്ക് നിബന്ധനകളോടെ സൗജന്യ പ്രവേശനം നല്‍കും. സൂമില്‍ നിന്നും ഇബിന്‍ ബത്തൂത്ത മാളില്‍ നിന്നും ഇനോക് എപ്കോ പെട്രോള്‍ പമ്പുകളില്‍ നിന്നും 50 ദിർഹത്തിനോ അതില്‍ കൂടുതലോ സാധനങ്ങള്‍ വാങ്ങുമ്പോള്‍ മെഴ്സിഡെസ് ബെന്‍സ് എ 200 ലഭിക്കാനുളള നറുക്കെടുപ്പിന്‍റെ ഭാഗമാകാം. കൂടാതെ ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാളില്‍ നിന്ന് 300 ദിർഹത്തിന് മുകളില്‍ സാധനങ്ങള്‍ വാങ്ങുന്നവർക്ക് 1 മില്ല്യണ്‍ ദിർഹത്തിന്‍റെ നറുക്കെടുപ്പിന്‍റെ ഭാഗമാകാം.
ദുബായ് സമ്മർ സർപ്രൈസിന്റെ ഭാഗമായി വിവിധ കലാപരിപാടികളും സംഘടിപ്പിക്കുന്നണ്ട്
ജൂലൈ 1 ന് അറബിക് കലാകാരന്മാരായ ഹുസൈന്‍ അല്‍ ജാസ്മിയുടേയും കാദിം അല്‍ സഹീറിന്‍റെയും സംഗീത നിശ അരങ്ങേറും. കൊക്കോ കോള അരീനയില്‍ ജൂലൈ 2 ന് മുഹമ്മദ് അബ്ദോയുടെ പരിപാടിയും ഉണ്ടാകും. കുടുംബമൊന്നിച്ച് വിവിധ വിനോദങ്ങളുടെ ഭാഗമാകാൻ അവസരമൊരുക്കുക എന്നതാണ് ഇത്തവണത്തെ ഡിഎസ്എസ് ലക്ഷ്യമിടുന്നത്.