പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ കാർഡ് ) ആധാർ നമ്പറുമായി ബന്ധിപ്പിക്കാൻ അനുവദിച്ച സാമ്യം നാളെ അവസാനിക്കും. 2017-ൽ കേന്ദ്ര സർക്കാർ പാൻ ആധാറുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കി. പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2022 മാർച്ച് 31 ആയിരുന്നു, എന്നാൽ ഇത് 2023 മാർച്ച് 31 വരെയും തുടർന്ന് ജൂൺ 30, 2023 വരെയും സർക്കാർ നീട്ടിയിരുന്നു.
വ്യക്തിയുടെ പേര്, ജനനത്തീയതി, ഫോട്ടോ എന്നിവയും പാൻ നമ്പറും പോലുള്ള വിശദാംശങ്ങൾ അടങ്ങിയിരിക്കുന്ന പാൻ കാർഡ് ഏറെ പ്രധാനപ്പെട്ട ഒരു രേഖയാണ്. മറ്റു കൈകളിൽ അകപ്പെട്ടാൽ സാമ്പത്തിക തട്ടിപ്പിനും വ്യാജ രേഖ സൃഷ്ടിക്കാനും ഉൾപ്പടെ ദുരുപയോഗം ചെയ്യപ്പെടാം. നിശ്ചിതസമയപരിധിക്കുള്ളിൽ പാൻ കാർഡ് ഉടമകൾ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ നമ്പർ പ്രവർത്തനരഹിതമാകും. പാൻ പ്രവർത്തനരഹിതമാകുകയാണെങ്കിൽ പാൻ ബാങ്കുകളിലോ മറ്റ് സാമ്പത്തിക സ്ഥാപനങ്ങളിലോ നൽകാനോ അറിയിക്കാനോ കഴിയില്ല.
നികുതി ഒടുക്കുന്നതിനും വ്യക്തികൾക്കും ബിസിനസുകൾക്കും ആദായനികുതി വകുപ്പ് നൽകുന്ന 10 അക്ക ആൽഫാന്യൂമെറിക് നമ്പറാണ് പാൻ. ഇന്ത്യയിലെ താമസക്കാർക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നൽകുന്ന 12 അക്ക പ്രത്യേക തിരിച്ചറിയൽ നമ്പറാണ് ആധാർ. ആദായനികുത റിട്ടേൺ സമർപ്പിക്കുന്നതിന് ഉൾപ്പടെ ഈ രണ്ട് രേഖകളും ലിങ്ക് ചെയ്യേണ്ടത് അനിവാര്യമാണ്.