ഏക സിവില്‍ കോഡിനെ ശക്തിയുക്തം എതിര്‍ക്കുമെന്ന് മുസ്‍ലിം ലീഗ് നേതാക്കള്‍. നടപ്പാക്കിയാൽ പ്രത്യാഘാതം വലുതായിരിക്കുമെന്നും ഏക സിവില്‍ കോഡിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും മുസ്‍ലിം ലീഗ് വ്യക്തമാക്കി. നരേന്ദ്രമോദിയുടെ പ്രസംഗം വർഗീയ അജണ്ട സെറ്റ് ചെയ്യാനുള്ള ശ്രമമാണ്, പ്രധാനമന്ത്രിയുടേത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണെന്നും മുസ്‍ലിം ലീഗ് നേതാക്കൾ കുറ്റപ്പെടുത്തി
ഇന്ത്യൻ സാഹചര്യത്തിൽ ഒരിക്കലും ഏക സിവില്‍ കോഡ് നടപ്പിലാക്കാൻ പറ്റില്ല. യഥാർഥ പ്രശ്നത്തിൽ നിന്നും ശ്രദ്ധതിരിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും പ്രതിപക്ഷ ഐക്യം പ്രധാനമന്ത്രി ഭയപ്പെടുന്നുവെന്നും മുസ്‍ലിം ലീഗ് കുറ്റപ്പെടുത്തി. ഏക സിവിൽ കോഡ് ഇന്ത്യക്ക് യോജിച്ചതല്ലെന്നും ഇത് ഭരണഘടന വിഭാവനം ചെയ്തിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വ്യത്യസ്ത ജാതി മത വിഭാഗങ്ങൾക്ക് ഒറ്റ നിയമം എങ്ങനെയാണ് സാധ്യമാകുക എന്ന് അദ്ദേഹം ചോദിച്ചു.
ഏക സിവില്‍ കോഡിലേക്ക് രാജ്യം നീങ്ങുമെന്ന സൂചന പ്രധാനമന്ത്രി നല്‍കിയതിന് പിന്നാലെ കടുത്ത എതിര്‍പ്പുമായി മുസ്ലീം വ്യക്തി നിയമ ബോര്‍ഡും രംഗത്തെത്തി. സിപിഎം, ഡിഎംകെ, സമാജ് വാദി പാര്‍ട്ടി, എഐഎംഐഎം തുടങ്ങിയ കക്ഷികള്‍ സിവില്‍ കോഡ് നടപ്പാക്കരുതെന്ന് ശക്തമായി വാദിക്കുമ്പോള്‍ കോണ്‍ഗ്രസ് അന്തിമ നിലപാട് സ്വീകരിച്ചിട്ടില്ല. രാജസ്ഥാന്‍, മധ്യപ്രദേശ് തെരഞ്ഞെടുപ്പുകള്‍ അടുത്ത് വരുമ്പോള്‍ സിവില്‍ കോഡില്‍ അന്തിമ നിലപാട് പ്രഖ്യാപിക്കുന്നത് ആലോചിച്ചാവണം എന്നാണ് കോൺഗ്രസിന്റെ നിലപാട്.