കേരളത്തിൽ തെരുവുനായ ആക്രമണം നേരിട്ടവരുടെ എണ്ണം വർധിച്ചുവരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് ദിനംപ്രതി 1000-ഓളം പേർ തെരുവുനായ്ക്കളാൽ ആക്രമിക്കപ്പെടുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ മാത്രം കേരളത്തിൽ എട്ട് പേരാണ് തെരുവുനായ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടത്. ഈ മാസം മാത്രം തെരുവുനായയുടെ കടിയേറ്റ് ചികിത്സ തേടിയത് 25,230ലധികം പേരാണ്. ആക്രമണത്തിൽ ഈ മാസം മാത്രം 3 പേർക്ക് ജീവൻ നഷ്‌ടമായി.
ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ ആവർത്തിക്കുമ്പോഴും തെരുവുനായകളുടെ എണ്ണവും ആക്രമണങ്ങളും കൂടി വരികയാണ്. മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഏകദേശം 2.89 ലക്ഷം തെരുവുനായ്ക്കൾ ഉണ്ട്. എന്നാൽ സംസ്ഥാനത്തെ തെരുവുനായ്ക്കളുടെ എണ്ണം ചുരുങ്ങിയത് 5 ലക്ഷത്തിന് മുകളിലാണെന്ന് പ്രാദേശിക കണക്കുകളുടെ ശരാശരി പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത്.