ലൈംഗികാതിക്രമക്കേസ് പ്രതിയായ ബിജെപി എംപിയും റെസ്‌ലിങ് ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ ‘ശക്തിപ്രകടന റാലി’ ഇന്ന് ഉത്തർപ്രദേശിലെ ഗോണ്ടയിൽ നടക്കും. യുപി കൈസർഗഞ്ചിൽനിന്നുള്ള ലോക്സഭാംഗമായ ബ്രിജ് ഭൂഷൺ മണ്ഡലത്തിലെ കത്രയിലാണ് റാലി നടത്തുന്നത്. അയോധ്യയിൽ നടത്താനിരുന്ന ജൻ ചേതന മഹാറാലിക്ക് അനുമതി ലഭിക്കാതായതോടെ സ്വന്തം മണ്ഡലത്തിലേക്ക് റാലി മാറ്റുകയാണുണ്ടായത്. ബ്രിജ്ഭൂഷണിനെ പുറത്താക്കാൻ പാർട്ടിക്കു മുകളിൽ സമ്മർദം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് റാലി.
ബ്രിജ്ഭൂഷണിനെതിരായ പരാതിയിൽ ജൂൺ 15ന് മുൻപ് അന്വേഷണം പൂർത്തിയാക്കുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ ഗുസ്തിതാരങ്ങൾക്ക് ഉറപ്പു നൽകിയതോടെയാണ് താരമാണ് നടത്തിവന്നിയൂർന്ന സമരം തത്ക്കാലം പിൻവലിച്ചത്. വനിതാ അത്‌ലീറ്റുകളെ ലൈംഗികാതിക്രമത്തിനിരകളാക്കി എന്നാരോപിച്ച് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റങ് പുനിയ എന്നിവരുടെ നേതൃത്വത്തിൽ ബ്രിജ്ഭൂഷണിനെതിരെ പ്രതിഷേധം ശക്തമാണ്.