മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പരാതിയിൽ ക്രൈം ബ്രാഞ്ചിന്റെ അതിവേഗ അന്വേഷണം നടക്കുന്നു. തനിക്കെതിരെ ഗൂഢാലോചനയുണ്ടെന്നാണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ പരാതി നൽകിയത്. അഞ്ച് പേര്‍ക്കെതിരെ കേസെടുത്തതായും വിവരമുണ്ട്.
എഴുതാത്ത പരീക്ഷയ്ക്ക് തന്‍റെ പേരില്‍ മാര്‍ക്ക് ലിസ്റ്റ് പുറത്തുവന്ന സംഭവത്തില്‍ കോളജിനകത്ത് ഗൂഢാലോചന നടന്നെന്ന് കാട്ടി ആര്‍ഷോ ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
ജില്ലാ ക്രൈം ബ്രാഞ്ച് എസിപി പയസ് ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കോളേജിൽ എത്തി. പ്രിൻസിപ്പൽ ഡോ വി എസ് ജോയിയുടെ മൊഴി എടുത്തു. കേസിൽ അഞ്ചു പ്രതികളാണ് ഉള്ളത്. അഞ്ച് പേരുടെയും മൊഴി എടുക്കുമെന്ന് എ സി പി വ്യക്തമാക്കി. ആർഷോ പഠിച്ചിരുന്ന ആർക്കയോളജി വകുപ്പ് കോഡിനേറ്റർ ഡോ. വിനോദിന്റെ മൊഴിയും പൊലീസ് സംഘം ഇന്ന് രേഖപ്പെടുത്തും.