ദുബായ്: ഈ വർഷത്തെ ആഗോളഗ്രാമക്കാഴ്ചകൾക്ക് ഒക്ടോബർ 18 ന് തുടക്കമാവും. എല്ലാ വർഷത്തെയും അപേക്ഷിച്ച്
ഗ്ലോബൽ വില്ലേജ് ഈ വർഷം ഒരാഴ്ച മുൻപ് തന്നെ തുറക്കും. ഗ്ലോബൽ വില്ലേജ് 28-മത് സീസൺ 2023 ഒക്ടോബർ 18 ന് തുടങ്ങി 2024 ഏപ്രിൽ 28-ന് സമാപിക്കുമെന്നും അധികൃതർ അറിയിച്ചു. മുന് വർഷങ്ങളിൽ ഒക്ടോബർ 25 നായിരുന്നു തുറന്നിരുന്നത്. ദുബായ് നിവാസികൾക്കും സന്ദർശകർക്കും കൂടുതൽ ആസ്വാദനം ഉറപ്പാക്കാനും കൂടുതൽ സമയം ഗ്ലോബൽ വില്ലേജിൽ ചിലവഴിക്കാനുമാണ് ഇക്കുറി നേരത്തെ ആഗോളഗ്രാമം സന്ദർശകർക്കായി തുറക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
പുതിയ വിനോദ കൗതുക, ഷോപ്പിങ്, ഡൈനിങ് അനുഭവങ്ങൾ എല്ലാം ഒരുക്കിയാവും ഗ്ലോബൽ വില്ലേജ് സന്ദർശകരെ സ്വീകരിക്കുക. ഫാമിലി തീം പാർക്ക് 194 ദിവസവും തുറന്നിരിക്കും. 28 ആം വർഷത്തിലേക്ക് കടന്ന ‘ആഗോള ഗ്രാമം’ ഓരോ തവണയും പുതിയ കൗതുകങ്ങളുമായാണ് മിഴി തുറക്കുന്നത്. ഇക്കുറിയും ഏറെ വിഭിന്നങ്ങളായ കൗതുകകാഴ്ചകളും ആഗോളഗ്രാമം ഒരുക്കുന്നത് കാത്തിരിക്കുകയാണ് സന്ദർശകർ.
ഗ്ലോബൽ വില്ലേജ് 27-ാംസീസണിൽ റെക്കോഡ് നേട്ടമാണ് കൈവരിച്ചത്, 26-ാംസീസണിൽ 78 ലക്ഷം സന്ദർശകരായിരുന്നു ആഗോളനഗരിയിൽ എത്തിയത് എങ്കിൽ 27-ാംസീസണിൽ അത് 90 ലക്ഷത്തിലേറെ സന്ദർശകരായി ഉയർന്ന് റെക്കോർഡിട്ടു. 3,500ലധികം ഷോപ്പിങ് ഔട്ട്ലെറ്റുകൾ, വിവിധ വിനോദങ്ങൾ, സാംസ്കാരിക പരിപാടികൾ , വിശേഷ ദിവസങ്ങളിലെ പരിപാടികൾ, 250ലധികം റസ്റ്റോറന്റുകൾ, കഫേകൾ, തെരുവ് ഭക്ഷണ ശാലകൾ, കരിമരുന്ന് പ്രയോഗങ്ങൾ എന്നിവയെല്ലാമാണ് ആഗോളഗ്രാമത്തിൽ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. കണ്ണഞ്ചിക്കുന്ന കൗതുക കാഴ്ചകളും, ഓരോ രാജ്യത്തിന്റെയും സംസ്കാരം തുടിക്കുന്ന പവിലിയനുകളും, സംഗീത കലാ പരിപാടികളും, രുചികരമായ പാചകരീതികൾ, വൈവിധ്യമായ ഷോപ്പിങ് അവസരങ്ങൾ എന്നിവ ആസ്വദിക്കാൻ ലോകത്തിന്റെ നാനായിടങ്ങളിൽ നിന്നും സന്ദർശകർ എത്തിയിരുന്നു.
27-ാംസീസണിൽ 27 പവലിയനുകൾ ആണ് ഗ്ലോബൽ വില്ലേജിൽ അണിനിരക്കുന്നത്. ഖത്തർ, ഒമാൻ എന്നിവ സ്വന്തമായി പുതിയ പവലിയനുകളുമായി എത്തിയത്. യു.എ.ഇ, സൗദി അറേബ്യ, ബഹ്റൈൻ, കുവൈത്ത്, ഖത്തർ, ഒമാൻ അഫ്ഗാനിസ്ഥാൻ, ചൈന, ഈജിപ്ത്, ഇന്ത്യ, ഇറാൻ, ഇറാഖ്, ജപ്പാൻ, ദക്ഷിണ കൊറിയ, ലെബനൻ, മൊറോക്കോ, പാകിസ്താൻ, ഫലസ്തീൻ, സിറിയ, തായ്ലൻഡ്, തുർക്കി, യമൻ, റഷ്യ, അമേരിക്ക, ആഫ്രിക്ക, യൂറോപ്പ് എന്നീ നേരത്തെ മുതലുള്ള പവലിയനുകളും സജ്ജീവമായിരുന്നു.
ഗ്ലോബൽ വില്ലേജിൽ ഒരുക്കിയിരിക്കുന്ന ഫ്ലോട്ടിങ് മാർക്കറ്റ്, റെയിൽവേ മാർക്കറ്റ്, തുടങ്ങി ബിലീവ് ഇറ്റ് ഓർ നോട്ട് പവിലിയനും, പ്രേതഭവനവും എല്ലാം സദര്ശകര്ക്കു നൽകിയത് മറക്കാനാവാത്ത അനുഭവങ്ങൾ ആണ്. പുതുതായി ഒരുക്കിയ റോഡ് ഓഫ് ഏഷ്യ എന്ന തെരുവും ഇവിടെ എത്തിയ ഓരോ സഞ്ചാരിയുടെയും മനം കവർന്നു.
ലോകത്തിലെ ഏറ്റവും മികച്ച കലാകാരൻമാരുടെ പ്രകടനങ്ങൾ, മിറിയം ഫെയേഴ്സിന്റെയും നാൻസി അജ്റാമിന്റെയും നേഹ കക്കറിന്റെയും സംഗീതപരിപാടികളും, ലോകോത്തര സംഗീത കച്ചേരികൾ, തെരുവ് കലാപ്രകടനങ്ങൾ, വാട്ടർ സ്റ്റണ്ട് ഷോ എന്നിവയടക്കം 40,000 ഷോകൾ ആഗോളഗ്രാമത്തിൽ എത്തിയവരെ ആവേശത്തിലാഴ്ത്തി. 175 തരം റൈഡുകളും ഗെയിമുകളും എല്ലാം കൗതുകത്തിന്റെയും സാഹസത്തിന്റെയും അനുഭവങ്ങൾ ആയിരുന്നു സമ്മാനിച്ചത്.