എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ച് കാസർകോട് കരിന്തളം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജില്‍ ജോലി നേടിയ എസ്എഫ്ഐ മുൻ നേതാവും കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയുമായ കെ.വിദ്യ, ജോലിയില്‍ തുടരാന്‍ കോളജിൽ കഴിഞ്ഞമാസവും വ്യാജരേഖ നല്‍കിയെന്ന് കണ്ടെത്തൽ. കരിന്തളം ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ഇത്തവണയും ഇന്റർവ്യൂവിൽ പങ്കെടുത്തു. വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റാണ് ഇത്തവണയും വിദ്യ ഇന്റര്‍വ്യൂ ബോര്‍ഡിന് മുന്നിൽ ഹാജരാക്കിയിരുന്നത്. എന്നാൽ ലിസ്റ്റിൽ അഞ്ചാം റാങ്കാണ് വിദ്യക്ക് ലഭിച്ചത്. അതിനാൽ നിയമനം ലഭിച്ചില്ല.
കഴിഞ്ഞ ദിവസം അട്ടപ്പാടി കോളേജിൽ അധ്യാപനത്തിന് പ്രവേശനം നേടാനായി ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റിൽ പ്രിൻസിപ്പാളിന് സംശയം തോന്നിയതോടെ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വിവരങ്ങൾ പുറത്ത് വന്നത്. 2022 ജൂൺ മുതൽ 2023 മാർച്ച് വരെ ഇവർ ഇവിടെ താൽക്കാലികാധ്യാപികയായി ജോലി ചെയ്തിരുന്നു. എറണാകുളം മഹാരാജാസ് കോളജിൽ ഗസ്റ്റ് ലക്ചറർ ആയിരുന്നു എന്ന വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റാണ് കരിന്തളത്ത് ഹാജരാക്കിയിരുന്നത്. 2018-19, 2020-21 വര്‍ഷങ്ങളില്‍ മഹാരാജാസില്‍ പഠിപ്പിച്ചുവെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് നൽകി, 2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് കാലയളവിലാണ് നേരത്തെ വിദ്യ കരിന്തളം ഗവ കോളേജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തത്.
2018 ജൂൺ 4 മുതൽ 2019 മാർച്ച് 31 വരെയും 2020 ജൂൺ 10 മുതൽ 2021 മാർച്ച് 31 വരെയും മഹാരാജാസിലെ മലയാള വിഭാഗത്തിൽ പഠിപ്പിച്ചിരുന്നുവെന്നാണ് വിദ്യയുടെ വ്യജരേഖയിൽ പറയുന്നത്. ആദ്യ സർട്ടിഫിക്കറ്റിലെ കാലയളവിൽ വിദ്യ യഥാർഥത്തിൽ മഹാരാജാസിലെ പിജി വിദ്യാർഥിയായിരുന്നു. മാത്രമല്ല, മഹാരാജാസ് മലയാള വിഭാഗത്തിൽ 10 വർഷമായി ഗെസ്റ്റ് ലക്ചറർമാരെ നിയമിച്ചിട്ടില്ല. വ്യാജ രേഖ ഉണ്ടാക്കി വഞ്ചിക്കാൻ ശ്രമിച്ചതിൽ ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തി പൊലീസ് കേസെടുത്തു. സംഭവം നടന്ന അഗളി പൊലീസിന് കേസ് കൈമാറാനായിരുന്നു കൊച്ചി പൊലീസിന്‍റെ തീരുമാനം.