പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്കുളള ഗുസ്തിതാരങ്ങളുടെ പ്രതിഷേധ മാര്‍ച്ചിനെ ദില്ലി പോലീസ് തടഞ്ഞു.
പാര്‍ലമെന്റ് മന്ദിരത്തിന് സമീപം ‘മഹിളാ സമ്മാന്‍ മഹാപഞ്ചായത്ത്’ നടത്തുമെന്ന് ആഹ്വാനം ചെയ്ത മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായി. ജന്തര്‍മന്തറില്‍ ബാരിക്കേഡുകള്‍ തകര്‍ത്തു. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യുകയെന്ന ആവശ്യവുമായി പ്രഖ്യാപിച്ച സമരത്തിൽ നിന്ന് പിന്മാറാതെ മുന്നോട്ട് പോയ ഗുസ്തി താരങ്ങളെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ പൊലീസ് വാഹനത്തിൽ കയറാതെ താരങ്ങൾ പ്രതിഷേധിച്ചു. അതേസമയം ഇതൊരു സമാധാനപരമായ മാര്‍ച്ചാണെന്നും തെരുവിലിറങ്ങുന്നത് തങ്ങളുടെ അവകാശമാണെന്നുമാണ് പ്രതിഷേധക്കാര്‍ പറഞ്ഞത്. പ്രതിഷേധക്കാരും പോലീസുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി
ബിജെപി എംപിയും റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തലവനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ടാണ് ജന്തര്‍മന്തറില്‍ പ്രതിഷേധിക്കുന്ന വനിതാ ഗുസ്തിതാരങ്ങള്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് ഇന്ന് മഹാപഞ്ചായത്ത് വിളിച്ചു ചേര്‍ത്തത്. ജന്തർ മന്ദിറിൽ നിന്ന് പാർലമെന്റിന്റെ പുതിയ കെട്ടിടത്തിന് മുന്നിലേക്കാണ് മാർച്ച് നിശ്ചയിച്ചിരുന്നത്. ഇന്ന് പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം നടക്കുന്നതിനാലാണ് ഈ ദിവസം തന്നെ സമരത്തിനായി താരങ്ങൾ തെരഞ്ഞെടുത്തത്. സമരത്തിന് പിന്തുണയുമായി എത്തിയവരെ ദില്ലി അതിർത്തികളിൽ പൊലീസ് തടഞ്ഞിരുന്നു. സമരം നടന്ന സ്ഥലത്ത് പിന്തുണയുമായി എത്തിയവരെ മാർച്ച് തുടങ്ങിയതിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡല്‍ഹിയിലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്കുള്ള ഗുസ്തിക്കാരുടെ ജന്തര്‍മന്തറില്‍ മാര്‍ച്ചില്‍ ഖാപ് പഞ്ചായത്ത് നേതാക്കളും കര്‍ഷകരും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുളലതിനാല്‍ തിക്രി അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി.