പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. പരമ്പരാഗത വസ്ത്രം ധരിച്ചാണ് അദ്ദേഹം ഉദ്ഘാടനത്തിന് എത്തിയത്. രാവിലെ ഏഴരയോടെ തുടങ്ങിയ പൂജ ചടങ്ങുകളില്‍ പ്രധാനമന്ത്രി പങ്കെടുത്തു. ലോക്സഭാ സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളിൽ ചെങ്കോൽ സ്ഥാപിച്ചു. വിളക്ക് കൊളുത്തിയാണ് പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്. പാര്‍ലമെന്റ് വളപ്പിലെ ഗേറ്റ് നമ്പര്‍ 1 ല്‍ നിന്ന് മോദിയെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള സ്വാഗതം ചെയ്തു. തുടര്‍ന്ന് അദ്ദേഹം ഇരു ചേംബറുകളിലും സന്ദർശിച്ചു.
രാവിലെ 7.30ന് പ്രധാനമന്ത്രി മോദി പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെത്തി. ഒരു മണിക്കൂറോളം നീണ്ട പരമ്പരാഗത പൂജയോടെയാണ് ഉദ്ഘാടനചടങ്ങുകള്‍ ആരംഭിച്ചത്. അധീനം ദര്‍ശകര്‍ പ്രധാനമന്ത്രിക്ക് ചെങ്കോല്‍ കൈമാറി. അദ്ദേഹം ചെങ്കോലിനു മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുകയും കൈയില്‍ ചെങ്കോലുമായി നിന്ന് തമിഴ്നാട്ടിലെ വിവിധ അധീനങ്ങളിലെ പുരോഹിതന്മാരില്‍ നിന്ന് അനുഗ്രഹം തേടുകയും ചെയ്തു. നാദസ്വരത്തിന്റെയും വേദ മന്ത്രോച്ചാരണങ്ങള്‍ക്കുമിടയില്‍ ഘോഷയാത്രയായി മോദി ചെങ്കോല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് കൊണ്ടുപോയി. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ‘ഗണപതി ഹോമം’ നടത്തി. പൂജ പൂര്‍ത്തിയാക്കിയ ശേഷം ചെങ്കോല്‍ സ്ഥാപിച്ചു. പുതിയ പാര്‍ലമെന്റിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളായ ഒരു കൂട്ടം നിര്‍മ്മാണ തൊഴിലാളികളെ പ്രധാനമന്ത്രി പരമ്പരാഗത ഷാള്‍ അണിയിച്ച് ആദരിച്ചു. തുടര്‍ന്ന് വിവിധ മതങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത ബഹുമത പ്രാര്‍ത്ഥനാ സമ്മേളനവും നടന്നു.
പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് രാജ്യതലസ്ഥാനത്ത് ഇന്ന് കനത്ത ജാഗ്രതയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുലര്‍ച്ചെ അഞ്ചര മുതല്‍ ഗതാഗത നിയന്ത്രണം തുടങ്ങിയിരുന്നു. പോലീസുകാരെ പ്രദേശത്തും പരിസരത്തും വിന്യസിച്ചിട്ടുണ്ടെന്ന് ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സിപി ദീപേന്ദര്‍ പഥക് പറഞ്ഞു. അതേസമയം, കോണ്‍ഗ്രസ്, ശിവസേന (യുബിടി), എഎപി, തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി), ജനതാദള്‍ (യുണൈറ്റഡ്) എന്നിവയുള്‍പ്പെടെ ഇരുപതോളം പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു.