‘നിങ്ങളുടെ തലച്ചോറിനെ പരിശീലിപ്പിക്കുക’ എന്ന പ്രമേയത്തിൽ ൽ നടക്കുന്ന ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ കുരുന്നുകളുടെ വൻ പങ്കാളിത്തമാണുള്ളത്. വായനക്കപ്പുറം കുട്ടികൾക്കയായി വിവിധ പരിപാടികളും ഷാർജ എക്സ്പോ സെന്ററിൽ ഒരുക്കിയിട്ടുണ്ട്. 1,658 ശിൽപശാലകളും സെഷനുകളും വായനോത്സവത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്.
കുട്ടികൾക്ക് കേൾക്കാൻ ഏറെ ഇഷ്ടപ്പെടുന്ന കഥപറച്ചിലും വായനോത്സവം വേദിയാവുന്നുണ്ട്. മുത്തച്ഛൻ കുട്ടികൾക്ക് പാരമ്പര്യ രീതിയിൽ കഥകൾ പറഞ്ഞുകൊടുക്കുന്നപോലെ ഇവിടെ വായനോത്സവത്തിലും ഒരു മുത്തച്ഛൻ ഉണ്ട്, കഥകൾ പറയാൻ തന്നെയാണ്, 66 കാരനായ ഹാഷിം കഡൗറ. ഇക്കുറിയും ഹാഷിം കഡൗറ എത്തിയത് കുരുന്നുകളെ കഥപറച്ചിലിന്റെ മാന്ത്രികതയുടെ ലോകത്തേക്ക് നയിക്കാനാണ്.
ഹാഷിം കഡൗറ ചിലർക്ക് പരമ്പരാഗത രീതിയിൽ കഥകൾ പറഞ്ഞുകൊടുക്കുന്ന മുത്തച്ഛനാകാം, ചിലർക്ക് ഊർജ്‌ജസ്വലനായ ചെറുപ്പക്കാരനായിരിക്കാം, ഈ രണ്ട് റോളുകളും ഹാഷിം കഡൗറ കുട്ടികളുടെ വായനോത്സവത്തിൽ ഭംഗിയായി നിർവ്വഹിക്കുകയാണ്. ഗാഡ്‌ജെറ്റുകൾ, സാങ്കേതികവിദ്യ, AI എന്നിവയിൽ വളർന്നുവരുന്ന സ്കൂൾ കുട്ടികൾക്കുവേണ്ടി കഥകൾ പറയുന്നു,അത് കുട്ടികൾ സാകൂതം കേട്ടിരിക്കുന്നു. കുട്ടികളെ ഭാവനയുടെ ലോകത്തേക്ക് കൊണ്ടുപോവാൻ കഥപറച്ചിലിനോളം മറ്റൊന്നുമില്ല. ഹാഷിം കഡൗറക്ക് ഇതുനന്നായറിയുന്നതിനാൽ കുട്ടികൾ ഇപ്പോഴും അദ്ദേഹത്തിനു ചുറ്റിലും കൂടുന്നു.
“ഇത് കഥപറച്ചിലിന്റെ മാന്ത്രികതയാണ്, ഇക്കാലത്തും അതിനെ ഏതെങ്കിലും വിധത്തിൽ ജീവനോടെ നിലനിർത്താൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്,” ഹാഷിം കഡൗറ പറയുന്നു. മെയ് 14 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന കുട്ടികളുടെ വായനോത്സവത്തിൽ കഥകൾ പറയാനായി കഡൗറ ഉണ്ടാകും.