മലപ്പുറം താനൂരിലുണ്ടായ ബോട്ട് ദുരന്തം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. 14 അംഗ സംഘം ദുരന്തത്തെക്കുറിച്ച് അന്വേഷിക്കും. മലപ്പുറം എസ് പി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. താനൂർ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. വിനോദസഞ്ചാര ബോട്ടാണ് ഞായറാഴ്ച്ച ഏഴരയോടെ അപകടത്തിൽപെട്ടത്. അപകടമുണ്ടായ ബോട്ടിൽ ഫോറൻസിക് സംഘം പരിശോധന നടത്തിയിരുന്നു. 15 കുട്ടികളും അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാരുമുൾപ്പെടെ 22 പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്.
താനൂരിൽ 22 പേർ മരിച്ച ബോട്ടപകടം ഉണ്ടായ തൂവൽ തീരത്ത് ഇന്നും ദേശീയ ദുരന്ത നിവാരണ സേന തെരച്ചിൽ നടത്തും. ഇന്നലെ വൈകീട്ടോടെ 15 അംഗ ദേശീയ ദുരന്ത നിവാരണ സേന യൂണിറ്റ് കൂടി ദൗത്യ സംഘത്തിന് ഒപ്പം ചേർന്നിരുന്നു. ആരെയും കണ്ടെത്താൻ ഉള്ളതായി സ്ഥിരീകരണം ഇല്ലെങ്കിലും ഇന്ന് കൂടി തെരച്ചിൽ തുടരാനാണ് തീരുമാനം. എത്രപേർ ബോട്ടിൽ കയറിയെന്ന കൃത്യമായ കണക്ക് കിട്ടാത്തതാണ് പ്രതിസന്ധി.
അതേസമയം ബോട്ടപകടവുമായി ബന്ധപ്പെട്ട് മുഴുവൻ പേരെയും കണ്ടെത്തിയതായി ദുരന്ത നിവാരണ വിഭാഗം. 37 പേരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ 22 പേർ മരണമടഞ്ഞു. 10 പേരെ രക്ഷപ്പെടുത്തിയെന്നും അഞ്ച് പേർ നീന്തിക്കയറിയെന്നും ദുരന്തനിവാരണ വിഭാഗം അറിയിച്ചു. അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി, മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.