ആവേശം നിറഞ്ഞ പ്രചരണങ്ങൾക്കൊടുവിൽ കർണ്ണാടകം നാളെ പോളിംഗ് ബൂത്തിലേക്ക്, ഇന്നലെ പരസ്യപ്രചാരണം അവസാനിച്ചര്ന്നിരുന്നു. ഇന്ന് നിശബ്ദ പ്രചരണമാണ്. ഇന്ന് വോട്ടുകൾ ഉറപ്പിക്കാൻ സ്ഥാനാർഥികളും പാർട്ടിപ്രവർത്തകരും വോട്ടർമാരുടെ വീടുകൾ കയറി പ്രചാരണം നടത്തും. കർണാടകയിൽ അധികാരം നിലനിർത്താൻ വേണ്ടിയുള്ള ശക്തമായ പോരാട്ടത്തിലാണ് ബിജെപി.
2,613 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഇതിൽ 185 പേർ സ്ത്രീകളാണ്. ബിജെപി 224 പേരെയും കോൺഗ്രസ് 223 പേരെയും ജെഡിഎസ് 207 പേരെയുമാണ് മത്സരിപ്പിക്കുന്നത്. സംസ്ഥാനത്താകെ 58,282 പോളിങ് സ്റ്റേഷനുകൾ സജ്ജമാക്കിയിട്ടുണ്ട്. 5.2 കോടി വോട്ടർമാരാണ് ഇക്കുറി കർണാടകയിലുള്ളത്. ഇതിൽ 9.17 ലക്ഷം പേർ കന്നിവോട്ടർമാരാണ്. മെയ് 13ന് വോട്ടെണ്ണും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയുമുൾപ്പെടെ ഇറക്കിയാണ് ബിജെപി പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചത്. കോൺഗ്രസും കഠിനമായ പരിശ്രമത്തിലാണ്. സോണിയ ഗാന്ധിയെയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും പ്രചാരണത്തിന് എത്തിച്ചു. പതിവ് പോലെ രാഹുലും പ്രിയങ്കയും പരിപാടികളിൽ പങ്കെടുത്തു. അവസാന ഘട്ടത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ബിജെപിയുടെ പ്രചാരണത്തിന് നേതൃത്വം നൽകിയപ്പോൾ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കോൺഗ്രസ് റാലികളിൽ സജീവമായി പങ്കെടുത്തിരുന്നു. ഇന്നലെ ബെംഗളുരു നഗരത്തിൽ നടന്ന പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയിൽ സ്ത്രീകൾ അടക്കം പതിനായിരക്കണക്കിന് പേരാണ് അണിനിരന്നത്.
കർണാടകയുടെ പരമാധികാരത്തിന് മേൽ കൈകടത്താൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന സോണിയാ ഗാന്ധിയുടെ പ്രസ്താവന ഇന്ത്യാ വിരുദ്ധമാണെന്ന് കാട്ടി കേന്ദ്രമന്ത്രി ശോഭാ കരന്തലജെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കർണാടകയെ ഇന്ത്യയിൽ നിന്ന് ഭിന്നിപ്പിക്കാനാണ് ടുക്ഡേ ടുക്ഡേ ഗ്യാംഗിൽ ഉൾപ്പെട്ട കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി മൈസുരുവിൽ പ്രസംഗിച്ചിരുന്നു. മോദിയുടെ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസും പരാതി നൽകി. രാജ്യവിരുദ്ധ പരാമർശം കോൺഗ്രസ് നടത്തിയെന്ന വ്യാജ ആരോപണം മോദി ഉന്നയിച്ചുവെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പരാതി.