ജമ്മുകശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെ ഉച്ചയോടെയുണ്ടായ ഭീകരാക്രമണത്തിൽ 5 ജവാന്മാർക്ക് വീരമൃത്യു. ഭീകരവിരുദ്ധ ഓപ്പറേഷൻ വിഭാഗത്തിലെ സൈനികരാണ് വാഹനത്തിലുണ്ടായിരുന്ന എല്ലാവരും. ഒരു സൈനികൻ ഗുരുതര പരിക്കുകളോട് ചികിത്സയിലാണെന്നും സൈന്യം സ്ഥിരീകരിച്ചു. ഭിംബര്‍ ഗലിയില്‍നിന്ന് പൂഞ്ചിലേക്ക് പോകുകയായിരുന്ന ട്രക്കിന് നേരെയാണ് ആക്രമണമുണ്ടായത്. പ്രദേശം വളഞ്ഞ സൈന്യം ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്.
മൂന്ന് മണിയോടെ രജൗരി സെക്ടറിലെ ഭീംബര്‍ ഗലിക്കും പൂഞ്ചിനും ഇടയില്‍ ഓടിക്കൊണ്ടിരുന്ന ഒരു സൈനിക വാഹനത്തിന് അജ്ഞാതരായ ഭീകരര്‍ വെടിവച്ചു. വനമേഖലയിൽ ഒളിച്ചിരുന്ന ഭീകരർ വാഹനത്തിന് നേരെ വെടിവെക്കുകയായിരുന്നു. പ്രദേശത്തെ കനത്ത മഴയും കുറഞ്ഞ ദൃശ്യപരതയുമാണ് അക്രമികള്‍ മുതലെടുത്തത്. ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രണത്തില്‍ വാഹത്തിന് തീപിടിച്ചതാകാനാണ് സാധ്യത.’ നോര്‍ത്തേണ്‍ കമാന്‍ഡ് ഹെഡ്ക്വാട്ടേഴ്‌സ് പ്രസ്താവനയില്‍ അറിയിച്ചു. ഭീകരർ വനമേഖല വിട്ടു പോകാൻ സാധ്യതയില്ലെന്നാണ് സൈന്യത്തിന്റെ നിഗമനം.
സൈന്യവും പോലീസും പ്രദേശത്തെത്തിയപ്പോള്‍ വാഹനം പൂര്‍ണമായും അഗ്നിക്കിരയായതായാണ് ദൃശ്യങ്ങളില്‍ നിന്ന് വെളിപ്പെടുന്നത്. സംഭവത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സൈനികര്‍ രാഷ്ട്രീയ റൈഫിള്‍ യൂണിറ്റില്‍ നിന്നുള്ളവരും പ്രദേശത്ത് തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിക്കപ്പെട്ടവരുമായിരുന്നു. ആദ്യഘട്ടത്തിൽ സൈനികവാഹനത്തിന് തീപിടിച്ചെന്നാണ് കരുതിയതെങ്കിലും രാത്രിയോടെ സൈന്യം ഭീകരാക്രമണമാണെന്ന് സ്ഥീരികരിക്കുകയായിരുന്നു.