ശബരിമല വിമാനത്താവളത്തിന് സൈറ്റ് ക്ലിയറന്സ് അനുമതി ലഭിച്ച വാർത്ത പങ്കുവച്ച് പ്രധാനമന്ത്രി. വിനോദ സഞ്ചാരമേഖലയ്ക്കും പ്രത്യേകിച്ച്, അധ്യാത്മിക വിനോദ സഞ്ചാരത്തിന് സന്തോഷകരമായ വാർത്തയാണിതെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ ട്വീറ്റ് പങ്കുവെച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ പറഞ്ഞു. വിമാനത്താവളത്തിനായി ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് ഉൾപ്പെടെയുള്ള ഭൂമി വിമാനത്താവള നിർമാണത്തിന് അനുയോജ്യമാണെന്ന അനുമതിയാണ് കഴിഞ്ഞ ദിവസം ലഭിച്ചത്
കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ സൈറ്റ് ക്ലിയറന്‍സ് ലഭിക്കുന്നത് വിമാനത്താവളത്തെ സംബന്ധിച്ച് സുപ്രധാന അനുമതിയാണ്. ചെറുവള്ളിയിൽ നെടുമ്പാശ്ശേരിക്ക് ഒരു ഫീഡർ വിമാനത്താവളം എന്ന ആശയത്തിൽ വിഭാവനം ചെയ്ത പദ്ധതിയാണ് രാജ്യന്തര വിമാനത്താവളമായി ചിറക് വിരിയ്ക്കാൻ ഒരുങ്ങുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ റൺവേയാണ് ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തിയ ചെറുവള്ളിയിൽ നിന്ന് ശബരിമലയിലേക്കുള്ള ദൂരം 48 കിലോ മീറ്ററാണ്.
വിവിധ രാജ്യക്കാരായ തീർത്ഥാടകർക്കും ശബരിമലയിലേക്ക് എത്താൻ വിമാനത്താവളം സഹായിക്കും. കൂടതെ വിനോദ സഞ്ചാരമേഖലക്കും പുത്തൻ ഉണർവ്വ് നൽകും. കുമരകം, മൂന്നാർ, തേക്കടി, വാഗമൺ തുടങ്ങിയ ഇടങ്ങളിലേക്കും നിരവധി വിനോദസഞ്ചാരികൾ എത്തും. കാർഷിക ഉത്പന്നങ്ങളുടെയും മറ്റും കയറ്റുമതിക്കും ഗുണകരമാവുമെന്നാണ് കണക്കുകൂട്ടുന്നത്.