ദുബൈയിലെ ദേരയെയും ബർദുബൈയെയും ബന്ധിപ്പിക്കുന്ന ഫ്ലോട്ടിങ് ബ്രിഡ്ജ് അറ്റകുറ്റപ്പണികൾക്കായി അഞ്ചാഴ്ചത്തേക്ക് അടച്ചു. പാലം അടക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഡ്രൈവർമാർ ബദൽ റോഡുകൾ ഉപയോഗിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതൽ പാലത്തിൽ ഗതാഗതം നിരോധിക്കുമെന്ന് റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) അധികൃതർ നേരത്തേ അറിയിച്ചിരുന്നു. സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിന് ആവശ്യമായ നിരീക്ഷണവും നിയന്ത്രണവും ഏർപ്പെടുത്തുമെന്നും ആർ.ടി.എ അറിയിച്ചു. റോഡ് ഉപഭോക്താക്കളുടെ സുരക്ഷ ലക്ഷ്യംവെച്ച് വിപുലമായ അറ്റകുറ്റപ്പണികളാണ് പാലത്തിൽ നടത്തുന്നത്.
വാഹനങ്ങൾ തിരിച്ചുവിടുന്നതിന് ആർ.ടി.എ റൂട്ട്മാപ്പ് പുറത്തുവിട്ടിട്ടുണ്ട്. ദേരയിൽനിന്ന് അൽ ഖലീജ് സ്ട്രീറ്റ് വഴി ബർദുബൈയിലേക്ക് യാത്ര ചെയ്യുന്നവരും ഇൻഫിനിറ്റി ബ്രിഡ്ജ് ഉപയോഗിക്കണം. ബർദുബൈയിൽനിന്ന് ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലൂടെ ദേരയിലേക്ക് പോകുന്നവർ ആൽ മക്തൂം പാലവും ഇൻഫിനിറ്റി ബ്രിഡ്ജുമാണ് ഉപയോഗിക്കേണ്ടത്. ബർദുബൈയിൽനിന്ന് ഉമ്മു ഹുറൈർ റോഡിലൂടെ ദേരയിലേക്ക് യാത്ര ചെയ്യുന്നവരും ആൽ മക്തൂം പാലം ഉപയോഗിക്കണം. ഷാർജയിൽനിന്ന് അൽ ഇത്തിഹാദ് സ്ട്രീറ്റിലൂടെ യാത്ര ചെയ്യുന്നവർ അൽ മംസാർ എക്സിറ്റ് ഉപയോഗിച്ച് കൈറോ, അൽ ഖലീജ് സ്ട്രീറ്റുകൾ വഴി ഇൻഫിനിറ്റി ബ്രിഡ്ജിലേക്ക് പ്രവേശിക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളത്.
ബർദുബൈയിൽനിന്ന് ഊദ് മേത്ത റോഡിലൂടെ ദേരയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ആൽ മക്തൂം പാലവും അൽ ഗർഹൂദ് പാലവും വഴി സഞ്ചരിക്കാം. എന്നാൽ, ബർദുബൈയിൽനിന്ന് അൽ റിയാദ് സ്ട്രീറ്റ് വഴി ദേരയിലേക്ക് യാത്ര ചെയ്യുന്നവർ ആൽ മക്തൂം പാലമാണ് ഉപയോഗിക്കേണ്ടത്. ബർദുബൈയിൽനിന്ന് ശൈഖ് സായിദ് റോഡിലൂടെ ദേരയിലേക്ക് പോകുന്നവർക്ക് അൽ ഗർഹൂദ് പാലം, ആൽ മക്തൂം പാലം, ഇൻഫിനിറ്റി ബ്രിഡ്ജ്, ബിസിനസ് ബേ ക്രോസിങ് എന്നിവ ഉപയോഗിക്കാം.