മഹാരാഷ്ട്ര സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ നിര്‍ജ്ജലീകരണവും സൂര്യാഘാതവും ഏറ്റ് 11 പേര്‍ മരിച്ചു. ഇന്നലെ നവി മുംബൈയിലെ ഖാര്‍ഘറിലെ ഒരു തുറന്ന ഗ്രൗണ്ടില്‍ മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍ഡ് ദാന പരിപാടിക്കിടെയായിരുന്നു സംഭവം. രാവിലെ 11 മണിക്ക് ആരംഭിച്ച പരിപാടി ഏകദേശം മൂന്ന് മണിക്കൂര്‍ നീണ്ടുനിന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്രമന്ത്രി കപില്‍ പാട്ടീല്‍, സംസ്ഥാന ക്യാബിനറ്റ് മന്ത്രിമാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
10 ലക്ഷത്തിലധികം പേര്‍ പങ്കെടുത്ത പരിപാടിയില്‍ 300 ഓളം പേര്‍ക്ക് നിര്‍ജലീകരണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ക്ഷീണം എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വൈദ്യസഹായം നല്‍കിയാതായും ഉദ്യോഗസ്ഥർ പറഞ്ഞു. 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിര്‍ജലീകരണം അനുഭവപ്പെട്ടവരെ ഖാര്‍ഘറിലെ ടാറ്റ ആശുപത്രിയിലേക്കും നവി മുംബൈ, പന്‍വേല്‍, റായ്ഗഡ് എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളിലേക്കും അയച്ചു.
ഖാര്‍ഘറിലെ എംജിഎം ആശുപത്രി സന്ദര്‍ശിച്ച മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. നിര്‍ഭാഗ്യകരമായ സംഭവമാണ്. ലക്ഷക്കണക്കിന് ആളുകളാണ് പരിപാടിക്ക് എത്തിയിരുന്നത്. സംഭവം നിര്‍ഭാഗ്യകരവും വേദനാജനകവുമാണെന്നും ഏകനാഥ് ഷിന്‍ഡെ പറഞ്ഞു.