ദില്ലി മദ്യനയ അഴിമതി കേസിൽ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സിബിഐ ഓഫിസിൽ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഏഴു മണിക്കൂർ ചോദ്യം ചെയ്യൽ പിന്നിടുമ്പോൾ ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹി കണ്‍വീനര്‍ ഗോപാല്‍ റായ്, പാര്‍ട്ടി ഓഫീസില്‍ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. എഎപി ദേശീയ സെക്രട്ടറി പങ്കജ് ഗുപ്ത, ഡല്‍ഹി മേയര്‍ ഷെല്ലി ഒബ്റോയ്, ഡെപ്യൂട്ടി മേയര്‍ ആലി മുഹമ്മദ് ഇഖ്ബാല്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കെജ്‌രിവാളിന്റെ അറസ്റ്റില്‍ പാര്‍ട്ടി ആശങ്കാകുലരാണെന്ന് എഎപി വൃത്തങ്ങള്‍ അറിയിച്ചു.
കെജ്‌രിവാളിനെ സിബിഐ ചോദ്യം ചെയ്യുന്നതിനെതിരെ പ്രതിഷേധിച്ച നിരവധി പ്രവര്‍ത്തകരെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്ത സാഹചര്യത്തിലാണ് അടിയന്തര യോഗം ചേരുന്നത്. എഎപി നേതാക്കളായ രാഘവ് ഛദ്ദ, സഞ്ജയ് സിംഗ്, ജാസ്മിന്‍ ഷാ എന്നിവരുള്‍പ്പെടെയുളള പാര്‍ട്ടി അംഗങ്ങളും കസ്റ്റഡിയിലായവരില്‍ ഉള്‍പ്പെടുന്നു.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനുൾപ്പടെയുള്ള നേതാക്കൾക്കും എംഎൽഎമാർക്കുമൊപ്പം രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് കെജ്‌രിവാൾ സിബിഐ ആസ്ഥാനത്തേക്ക് എത്തിയത്. രാവിലെ 11 മണിയോടെയാണ് കേജ്‍രിവാൾ സിബിഐ ഓഫിസിലെത്തിയത്. കേജ്‌രിവാളിനൊപ്പം ഉണ്ടായിരുന്ന പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മാൻ, എഎപി നേതാവ് രാഘവ് ഛദ്ദ എന്നിവരെ സിബിഐ ഓഫിസിൽ കയറുന്നതിൽനിന്ന് പൊലീസ് തടഞ്ഞു. തുടർന്ന്പ്രതിഷേധവുമായി എത്തിയ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സിബിഐ ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.