ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളി. ലൈഫ് മിഷന്‍ കേസിലെ കള്ളപ്പണ ഇടപാട് സ്‌പോണ്‍സേര്‍ഡ് തീവ്രവാദമാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ 4.48 കോടി രൂപ കോഴ നല്‍കിയെന്നായിരുന്നു സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍. നേരത്തെ കേസിലെ മറ്റ് പ്രതികളായ സ്വപ്ന സുരേഷ്, പി.എസ് സരിത്ത്, സന്ദീപ് നായര്‍, സന്തോഷ് ഈപ്പന്‍ എന്നിവരുടെ മൊഴികളും ഇ.ഡി വിശദമായി രേഖപ്പെടുത്തിയിരുന്നു. ആറ് കോടിയുടെ കോഴ ഇടപാട് നടന്നെന്നാണ് സ്വപ്നയുടെ ആരോപണം. ഇടപാട് ശരിവെക്കുന്ന മൊഴി തന്നെയാണ് ഭവന നിര്‍മാണ കരാറെടുത്ത യൂണിടാക് ഉടമ സന്തോഷ് ഈപ്പനും നല്‍കിയത്.
ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ ശിവശങ്കറാണ് ഇതിന്റെ സൂത്രധാരനെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു ലൈഫ് മിഷന്‍ കരാറില്‍ മൂന്നുകോടി 38 ലക്ഷം രൂപയുടെ കോഴ ഇടപാട് നടന്നെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ റിപ്പോര്‍ട്ട്. കരാറിന് മുന്‍കൈയ്യെടുത്ത എം ശിവശങ്കറിന് ഒരു കോടി രൂപയും മൊബൈല്‍ ഫോണും ലഭിച്ചതിന് തെളിവുണ്ടെന്ന് ഇഡിയുടെ അറസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കുന്നതിന് മുന്‍പ് തന്നെ മുന്‍കൂറായി കമ്മീഷന്‍ ഇടപാട് നടന്നെന്നാണ് ഇഡി വ്യക്തമാക്കുന്നത്. മൂന്ന് മില്യണ്‍ ദിര്‍ഹത്തിന് ആയിരുന്നു കമ്മീഷന്‍ ഇടപാട് ഉറപ്പിച്ചത്. യൂണിറ്റാക്കിന് തന്നെ കരാര്‍ ലഭിക്കാന്‍ മുഖ്യമന്ത്രിയെ കൊണ്ട് സമ്മതിപ്പിച്ചതിനാണ് ഒരു കോടി രൂപ എം ശിവശങ്കറിന് ലഭിച്ചതെന്നാണ് സ്വപ്ന സുരേഷിന്റെ മൊഴി. കരാര്‍ ഉറപ്പിക്കുന്നതിന് മുന്‍പ് എം ശിവശങ്കറും സ്വപ്ന സുരേഷും നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകള്‍ കോഴ ഇടപാടിനും കള്ളപ്പണക്കേസിനും തെളിവാണെന്ന് ഇഡി വിശദീകരിക്കുന്നു.
സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്നയുടെ ലോക്കര്‍ ഇഡി കണ്ടുകെട്ടിയിരുന്നു. കരാര്‍ ലഭിക്കാന്‍ ഇടനില നിന്ന സ്വപ്ന സുരേഷിന് 1 കോടി ലഭിച്ചെന്നും സ്വപ്നയുടെ ലോക്കറില്‍ നിന്ന് കണ്ടെത്തിയത് ഈ കള്ളപ്പണമാണെന്നുമായിരുന്നു. ഇഡി കണ്ടെത്തല്‍. ഇതിലുള്ള ഒരു കോടിയോളമുള്ള തുക ശിവശങ്കറിന്റെതാണെന്ന് മുന്‍പ് ഇഡി വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടായ പശ്ചാത്തലത്തില്‍ കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന ശിവശങ്കര്‍ സുപ്രീംകോടതിയെ സമീപിച്ചേക്കും.