ദുബായ്: പ്രമുഖ വേദന സംഹാരിയായ ‘ഒമേഗ’യുടെ വ്യാജ ഉത്പന്നങ്ങൾ യുഎഇ വിപണിയില്‍ വ്യാപകമായി കണ്ടെത്തിയതിനെ തുടര്‍ന്ന് നിയമ നടപടിയുമായി വിതരണ കമ്പനിയായ അല്‍ ബുല്‍ദാന്‍ രംഗത്ത്. ഒമേഗ പെയിന്‍ കില്ലര്‍ ഓയിന്റ്മെന്റിന്റെ 60 എംഎല്, 120 എംഎല് എന്നിവയുടെ വ്യാജ ഉത്പന്നങ്ങളാണ് ഈയിടെ യുഎഇ വിപണിയില്‍ കണ്ടെത്തിയത്. നൂറുകണക്കിന് വ്യാജപതിപ്പുകള്‍ യുഎഇ, ഒമാന്‍ വിപണികളില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്ന് കമ്പനി അധികൃതർ അറിയിച്ചു. ആഗോള തലത്തില്‍തന്നെ ലഭ്യമായ ഒമേഗയുടെ വ്യാജന് വാങ്ങി വിശ്വസ്ത ഉപയോക്താക്കള്‍ വഞ്ചിതരാവരുതെന്ന് അല്‍ ബുല്‍ദാന്‍ മാനേജിംഗ് ഡയറക്ടര്‍ ജേക്കബ് വര്‍ഗീസ്, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ജോയ് തണങ്ങാടന്‍, ഇന്റര്‍നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി എക്സ്പോര്‍ട്ട്സ് മാനേജര്‍ മാരിസെല്‍ വോംങ് എന്നിവര്‍ ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഫിലിപ്പീന്‍സ് ആസ്ഥാനമായ ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയാണ് വേദനസംഹാരി ഉല്പാദിപ്പിക്കുന്നത്. ഫിലിപ്പീന്‍സ് അംബാസഡറും കോൺസൽ ജനറലും അടക്കമുള്ളവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വ്യാജഉത്പന്നങ്ങളെ തടയുന്നതിന് യു.എ.ഇ അധികൃതരുമായി ആശയവിനിമയം നടത്തുമെന്ന് ഫിലിപ്പീന്‍സ് അംബാസഡർ ഫെര്‍ഡിനാന്‍ഡ് എ വെര് വ്യക്തമാക്കി.
യഥാര്‍ത്ഥ വിലയെക്കാള്‍ കുറച്ച് വിപണിയില്‍ ഒമേഗ പെയിന്‍ കില്ലര്‍ ഓയിന്റ്മെന്റ് വില്‍ക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് അന്വേഷണം നടത്തുകയും വ്യാജന് ഇറങ്ങുന്ന ഉറവിടം കണ്ടെത്തുകയും ചെയ്തുവെന്ന് ജോയ് തണങ്ങാടന്‍ വെളിപ്പെടുത്തി. ആദ്യ തവണ മറ്റൊരു കമ്പനിയുടെ ലേബലിലാണ് ഇത് ഇറക്കിയത്. അന്ന് ദുബായ് എകണോമിക് ഡിപ്പാര്‍ട്ട്മെന്റിലും തുടര്‍ന്ന് യുഎഇ ആരോഗ്യ, രോഗ പ്രതിരോധ മന്ത്രാലയത്തിലും പരാതി നല്കി. കോടതി നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. യു.എ.ഇയിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ്, സൂപ്പർ മാർക്കറ്റ് ശൃംഖലകളിലെല്ലാം ലഭ്യമായിട്ടുള്ളത് ഒറിജിനൽ ഉൽപന്നമാണെന്നും മറ്റിടങ്ങളിൽ വ്യാജവും ഒറിജിനലും തിരിച്ചറിയാൻ പ്രയാസമാകുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ഫിലിപ്പീന്‍സ്, ഇന്ത്യന്‍, യുഎഇ സര്‍ക്കാര്‍ അധികൃതര്‍ കമ്പനിക്കൊപ്പമുണ്ട്. കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികളുമായി തങ്ങള്‍ മുന്നോട്ടു പോകുമെന്ന് കമ്പനിയധികൃതര്‍ ആവര്‍ത്തിച്ചു
ദുബൈ ഫിലിപ്പീന്‍സ് കോണ്‍സുലർ ജനറൽ റെനാറ്റോ എൻ ദ്യുനസ്, അല്‍ ബുല്‍ദാന്‍ ഡയറക്ടര്‍ റോബി വര്‍ഗീസ്, ഡയറക്ടറും സി.എഫ്.ഒയുമായ ഷീല വര്‍ഗീസ്, ഐപിഐ വൈസ് പ്രസിഡന്റ് റയാന് ഗ്ളെന്‍, ഐപിഐ ഗ്ളോബല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ പാട്രിക് എന്നിവരും സംബന്ധിച്ചു.