ചെന്നൈ : തമിഴ്നാട്ടിലെ ഡി എം കെ മുൻ എംപി ഡി. മസ്താന്റെ(66) കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദര പുത്രിയെ പോലീസ് അറസ്റ്റ് ചെയ്തു. മസ്താന്റെ ഇളയ സഹോദരൻ ഗൗസ് പാഷയുടെ ഇളയ മകൾ ഷഹീന (26) ആണ് അറസ്റ്റിലായത്. മസ്താന്റെ കൊലപാതകത്തിൽ ഇയാളുടെ ഇളയ സഹോദരൻ ഗൗസ് പാഷയാണ് ഒന്നാംപ്രതി.
കഴിഞ്ഞവർഷം ഡിസംബർ 22 നാണ് തമിഴ്നാട് മുൻ എം പി മസ്താൻ കൊല്ലപ്പെട്ടത്. സംഭവത്തിൽ മസ്താന്റെ ബന്ധുവും കാർ ഡ്രൈവറുമായ ഇമ്രാൻ, സുൽത്താൻ അഹമ്മദ്, നസീർ, തൗഫീഖ്, ലോകേഷ് എന്നിവരെ ആദ്യം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശേഷമാണ് മുഖ്യപ്രതിയായ ഗൗസ് പാഷയെ അറസ്റ്റ് ചെയ്യുന്നത്. പണം കടം നൽകിയത് തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ടാണ് കൊലപാതകം എന്ന് പ്രതി സമ്മതിച്ചിരുന്നു. മസ്താന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മകൻ ഷാനവാസ് നൽകിയ പരാതിയിലാണ് പോലീസ് കേസ് അന്വേഷിച്ചത്. ഗൗസ് പാഷയുടെ മരുമകനും മസ്താന്റെ കാർ ഡ്രൈവറും ആയിരുന്ന ഇമ്രാൻ പാഷയുടെ സഹായത്തോടെയായിരുന്നു കൊലപാതകം നടത്തിയത്.