ഡല്‍ഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് നടത്തുന്ന സര്‍വ്വെ തുടര്‍ച്ചയായ മൂന്നാം ദിവസവും തുടരുകയാണ്. ഈ സാഹചര്യത്തില്‍ തങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് ഒരു വിവരങ്ങളും ഡിലീറ്റ് ചെയ്യരുതെന്ന് ബിബിസി ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഐടി ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിന് തയ്യാറാകാനും അന്വേഷണത്തില്‍ സഹകരിക്കാനും ബിബിസി ഇന്ത്യയിലെ തങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരോട് അയച്ച രണ്ടു സന്ദേശങ്ങളിൽ പറയുന്നതായി സൂചനയുണ്ട്. ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫീസുകളിലെ ജീവനക്കാര്‍ക്കുളള നിര്‍ദ്ദേശങ്ങളുടെ ഒരു ലിസ്റ്റും അയച്ചിട്ടുണ്ട്. സര്‍വ്വേ മൂലം മാനസികവും വൈകാരികവുമായ പീഡനം അനുഭവിച്ചാല്‍ അവര്‍ക്ക് പിന്തുണ നല്‍കുമെന്ന് കമ്പനി ഉറപ്പുനല്‍കുകയും അത്തരം ജീവനക്കാര്‍ കമ്പനി കൗണ്‍സിലര്‍മാരുമായി ബന്ധപ്പെടാനും ബിബിസി അഭ്യര്‍ത്ഥിച്ചു.
ഫെബ്രുവരി 14നാണ് ബിബിസി ഓഫീസുകളിൽ ഐടി റെയ്ഡ് ആരംഭിച്ചത്. അന്താരാഷ്ട്ര നികുതിയിലെ ക്രമക്കേടുകൾ സംബന്ധിച്ച് ഐടി വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെയ്ഡ് മുതൽ ഇതുവരെ അന്വേഷണത്തിൽ പൂർണമായി സഹകരിക്കുന്ന കാര്യം മാത്രമാണ് ബിബിസി പറഞ്ഞത്. പ്രശ്‌നം എത്രയും വേഗം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനും കമ്പനി ആവശ്യപ്പെട്ടു.
ആദായ നികുതി സര്‍വേ ആരംഭിച്ചപ്പോള്‍, ബിബിസി ഡല്‍ഹി ഓഫീസില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും അവരോട് വീട്ടിലേക്ക് മടങ്ങി പോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബിബിസിയുടെ ഓഫീസിൽ സർവ്വേ പുരോഗമിക്കുകയാണ്. സാമ്പത്തിക ഇടപാടുകൾ, കമ്പനിയുടെ ഘടന, വാർത്താ കമ്പനിയെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങൾ എന്നിവയെക്കുറിച്ച് സർവേ സംഘങ്ങൾ അന്വേഷണം നടത്തി. തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകളിൽ നിന്ന് ഡാറ്റ ശേഖരിച്ചു വരികയാണ്.