ത്രിപുര നിയമസഭാ വോട്ടെടുപ്പിൽ ഉച്ചക്ക് ഒരു മണി വരെ 52 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ചിലയിടങ്ങളിൽ അക്രമസംഭവങ്ങൾ ഉണ്ടായതായും റിപോർട്ടുകൾ ഉണ്ട്.
രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് നാലു വരെ നീളും. 3,328 പോളിങ് ബൂത്തുകളാണുള്ളത്. പോളിങ് ആരംഭിക്കുന്നതിനു മുമ്പ് തന്നെ ചില ബൂത്തുകളിൽ നീണ്ട ക്യൂവായിരുന്നു. 28.14 ലക്ഷം വോട്ടർമാരുള്ളതിൽ 14,15,223 പുരുഷൻമാരും 13,99,289 സ്ത്രീകളുമാണുള്ളത്. 62 ട്രാൻസ്ജെൻഡേഴ്സിനും വോട്ടവകാശമുണ്ട്. 259 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ.
വന്‍ പങ്കാളിത്തത്തോടെ വോട്ടുചെയ്ത് ജനാധിപത്യത്തിന്‍റെ ഉല്‍സവം കരുത്തുറ്റതാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ബിജെപിക്ക് അധികാരത്തുടര്‍ച്ച ലഭിക്കുമെന്ന് മുഖ്യമന്ത്രി മണിക് സാഹ വോട്ടുചെയ്തശേഷം പ്രതികരിച്ചു. വികസനോന്മുഖ സര്‍ക്കാരിന് വോട്ടുചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ശക്തമായ ത്രികോണമല്‍സരം നടക്കുന്ന ത്രിപുരയില്‍ ഭരണകക്ഷിയായ ബിജെപിയെ സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ത്താണ് നേരിടുന്നത്.
മിസോറാമിൽ നിന്ന് ത്രിപുരയിലേക്ക് കുടിയേറിയ ബ്രു അഭയാർഥികൾക്ക് സംസ്ഥാനത്ത് ആദ്യമായി വോട്ട് രേഖപ്പെടുത്താൻ അവസരമൊരുക്കിയതായി തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. 1997ൽ വംശീയ അതിക്രമങ്ങൾക്കൊടുവിൽ പലായനം ചെയ്ത് ത്രിപുരയിലെത്തിയതാണ് ബ്രു വിഭാഗക്കാർ. സംസ്ഥാനത്തെ ഏറ്റവും വലിയ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ഇവർക്ക് ആദ്യമായാണ് വോട്ട് ചെയ്യാൻ സാധിച്ചത്.
അതേസമയം, വോട്ടെടുപ്പിനിടെ അങ്ങിങ്ങായി സംഘര്‍ഷമുണ്ടായെന്ന് പരാതി ഉയര്‍ന്നു. ധന്‍പുരില്‍ സിപിഎം പ്രവര്‍ത്തകനെ ബിജെപിക്കാര്‍ മര്‍ദിച്ചുവെന്നാണ് പരാതി. ബൂത്തുകള്‍ പിടിച്ചെടുക്കാനും വോട്ടര്‍മാരെ ഭീഷണിപ്പെടുത്താനും ശ്രമം നടക്കുന്നതായി തിപ്ര മോത നേതാവ് പ്രദ്യോത് മാണിക്യ ദേബ് ബര്‍മന്‍ ആരോപിച്ചു
വോട്ടെടുപ്പ് നടക്കുന്ന 1,100 ബൂത്തുകൾ പ്രശ്നബാധിതമാണെന്നാണ് വിലയിരുത്തൽ. ഇവിടങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മുൻകരുതലായി സംസ്ഥാനത്തുടനീളം നിരോധനാജ്ഞ ഏർപ്പെടുത്തി. ഫെബ്രുവരി 17ന് രാവിലെ ആറുവരെ നിരോധനാജ്ഞ തുടരും. പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർ സംസ്ഥാനത്തേക്ക് കടക്കുന്നത് തടയാൻ അന്താരാഷ്ട്ര, അന്തർ സംസ്ഥാന അതിർത്തികൾ അടച്ചിട്ടുണ്ട്.