ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്റെ(BBC) മുംബൈ, ഡല്‍ഹി ഓഫീസുകളില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്ഡ് തുടരുന്നു. ചൊവ്വാഴ്ച രാവിലെ 11.56ന് ആരംഭിച്ച റെയ്ഡാണ് ഇപ്പോഴും തുടരുന്നത്. ദില്ലിയിൽ എട്ട് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. ഇന്റര്‍നാഷണല്‍ ടാക്സിലെ ക്രമക്കേടുകള്‍ ആദായനികുതി വകുപ്പ് അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം. ബിസിനസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകളും ബിബിസിയുടെ ഇന്ത്യൻ ഭാഷാ ചാനലുകളുടെ വരുമാന രേഖകളും പരിശോധിക്കുന്നുണ്ട്. ഇന്നലെ രാവിലെ 10.30 ന് 12 ഉദ്യോഗസ്ഥർ മൂന്ന് കാറുകളിലായി ബിബിസിയുടെ മുംബൈ ഓഫീസിൽ എത്തി. മുംബൈയിൽ ബിബിസി സ്റ്റുഡിയോ ഓഫീസിലാണ് റെയ്ഡ് നടക്കുന്നത്
അതിനിടെ റെയ്ഡിന്റെ തുടക്കത്തില്‍ ബിബിസി ഇന്ത്യയുടെ എഡിറ്റര്‍മാരും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. പിന്നീട് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചില രേഖകള്‍ നല്‍കിയതോടെയാണ് പ്രശ്‌നം പരിഹരിച്ചത്.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെൻററി വിവാദം നിലനിൽക്കുന്നതിനിടെയാണ് പരിശോധന നടക്കുന്നത്. ബിബിസി ജീവനക്കാരോട് ഓഫീസിൽ എത്തേണ്ട എന്ന് അറിയിച്ചിരുന്നെങ്കിലും ചില ജീവനക്കരോട് ഓഫീസിൽ തുടരാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട് . പരിശോധനയോട് സഹകരിക്കുമെന്നും ബിബിസി അറിയിച്ചു . ബിബിസിയുടെ പ്രവർത്തനം പതിവുപോലെ തുടരുമെന്നും ബിബിസി വ്യക്തമാക്കി . പരിശോധനയ്ക്കെതിരെ സുപ്രീംകോടതി ഇടപെടൽ ആവശ്യപ്പെടാൻ ബിബിസി ആലോചിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ