12 ചീറ്റകളുമായി ചീറ്റപ്പുലികളുടെ രണ്ടാം സംഘം ഫെബ്രുവരി 18 ന് ദക്ഷിണാഫ്രിക്കയില്‍ നിന്ന് മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ജെ.എസ്.ചൗഹാന്‍. ചീറ്റകളെ ഒരു മാസം ക്വാറന്റൈനില്‍ പാർപ്പിക്കുമെന്നും സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
7 ആൺ, 5 പെൺ പുള്ളിപ്പുലികളെയാണ് കൊണ്ടുവരുക. ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന 12 ചീറ്റകളിൽ ഒൻപത് എണ്ണത്തിനെ റൂയ്ബെർഗിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്. ബാക്കിയുള്ളവയെ ഫിൻഡ, ക്വാസുലു എന്നിവടങ്ങളിലും പാർപ്പിച്ചിട്ടുണ്ട്.1952 ലാണ് ചീറ്റകൾ ഇന്ത്യയിൽ നിന്നും പൂർണ്ണമായും അപ്രത്യക്ഷമായത്. ആഗോളതലത്തിൽ ആദ്യമായി ചീറ്റ പോലുള്ള മൃഗങ്ങളുടെ ഭൂഖണ്ഡാനന്തര കൈമാറ്റം നടന്നത്.
പ്രൊജക്റ്റ് ചീറ്റയുടെ ഭാഗമായി അഞ്ച് വർഷം കൊണ്ട് 50 ചീറ്റകളെ ഇന്ത്യയിൽ എത്തിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72ആം ജന്മദിനത്തില്‍ സെപ്തംബര്‍ 17 നാണ് നമീബിയയില്‍ നിന്ന് എട്ട് ചീറ്റകള്‍ അടങ്ങുന്ന ആദ്യ ബാച്ചിനെ കുനോ നാഷണല്‍ പാര്‍ക്കില്‍ എത്തിച്ചത്. പൂര്‍ണ്ണമായി കാട്ടിലേക്ക് വിടുന്നതിന് മുന്നോടിയായുളള വേട്ടയാടല്‍ വലയത്തിലാണ് നിലവില്‍ ഈ ചീറ്റകളുളളത്. കുറച്ച് മാസങ്ങൾക്കുള്ളിൽ 14 മുതൽ 16 ചീറ്റകളെ കൂടി ഇന്ത്യയിലേക്കെത്തിക്കുമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞിരുന്നു. വന്യ ജീവികളെ സംരക്ഷിക്കുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ ചീറ്റപ്പുലികള്‍ക്ക് വംശനാശം സംഭവിച്ച് ഏകദേശം ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ചീറ്റകളെ വീണ്ടും രാജ്യത്തെത്തിച്ചത്.