ഇത്തവണത്തെ കുംഭമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട നാളെ തുറക്കും. തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്രമേൽശാന്തി ജയരാമൻ നമ്പൂതിരിയാണ് നാളെ വൈകുന്നേരം അഞ്ചുമണിക്ക് നട തുറക്കുന്നത്.
കുംഭമാസ പൂജയ്ക്കായാണ് ക്ഷേത്രം തുറക്കുന്നതെങ്കിലും നടതുറക്കുന്ന ദിവസമായ നാളെ പൂജകൾ ഉണ്ടാവില്ല. കുംഭം ഒന്നാം തീയതി പുലർച്ചെ 5 മണിക്ക് നട തുറന്നശേഷം ആകും പൂജകൾ നടത്തുക. അന്നേദിവസം നിർമ്മാല്യ ദർശനവും അഭിഷേക ചടങ്ങുകളും ഉണ്ടായിരിക്കും. തുടർന്ന് മഹാഗണപതിഹോമം, ഉഷപൂജ, നെയ്യഭിഷേകം, പുഷ്പാഭിഷേകം, കളഭാഭിഷേകം, പടിപൂജ, ഉദയാസ്തമന പൂജ തുടങ്ങിയവയും ഉണ്ടാകും. ഭക്തർക്കായി സ്പോട്ട് ബുക്കിംഗ് സംവിധാനം നിലയ്ക്കലിൽ ഏർപ്പാട് ചെയ്തിട്ടുണ്ട്. വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്ത അയ്യപ്പഭക്തർക്ക് നേരിട്ട് സന്നിധിയിൽ എത്താം.