യുഎസ്: അമേരിക്കയിലെ അലാസ്കയ്ക്ക് മുകളിലൂടെ പറന്ന അജ്ഞാത പേടകത്തെ അമേരിക്ക വെടിവച്ച് വീഴ്ത്തി. എഫ് 22 ഫൈറ്റർ ജെറ്റുകൾ ഉപയോഗിച്ചാണ് അജ്ഞാതപേടകത്തെ വെടിവച്ച് വീഴ്ത്തിയതെന്ന് അമേരിക്ക പറഞ്ഞു. യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ ഉദ്യോഗസ്ഥനായ ജോൺ കിർബിയാണ് വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഏകദേശം 24 മണിക്കൂറുകളോളം അജ്ഞാത വസ്തുവിനെ നിരീക്ഷിച്ച ശേഷമാണ് വെടിവെച്ചിട്ടതെന്നും അമേരിക്ക അറിയിച്ചു.
അജ്ഞാതപേടകത്തിന്റെ ഉറവിടം, ലക്ഷ്യം എന്നിവ അറിയാൻ സാധിച്ചിട്ടില്ല എന്ന് ജോൺ കിർബി അറിയിച്ചു. പേടകത്തെ വെടിവെച്ചിട്ടതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ‘ വിജയകരം’ എന്ന് മാത്രമാണ് അമേരിക്കൻ പ്രസിഡന്റ് ജോബൈഡൻ പ്രതികരിച്ചത്. കഴിഞ്ഞ ആഴ്ച അമേരിക്കയ്ക്ക് മുകളിലൂടെ സഞ്ചരിച്ച ചാര ബലൂണിനെ അമേരിക്ക വെടിവച്ച് വീഴ്ത്തിയിരുന്നു . ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും അമേരിക്കയ്ക്ക് മുകളിൽ അജ്ഞാത പേടകം എത്തുന്നത്.