ഗൾഫിൽ നിന്ന് നാട്ടിലേക്ക് പണം അയക്കുന്നവരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചെന്നും ഇടപാടുകാരുമായി നേരിട്ട് ഹൃദയ ബന്ധം സ്ഥാപിക്കാനാണ് ശ്രമം എന്നും ഫെഡറൽ ബാങ്ക് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ ശ്യാം ശ്രീനിവാസൻ പറഞ്ഞു. ഫെഡറൽ ബാങ്ക് യു.എ.ഇ.യിൽ വിജയകരമായ പ്രവർത്തനം 15 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി ദുബായിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ശ്യാം ശ്രീനിവാസൻ. ഇടപാടുകാരെ നേരിട്ട് കാണുകയും ഭാവിപദ്ധതികൾ ചർച്ച ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെഡറല്‍ ബാങ്കിനെ ആഗോള തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിനും മിഡില്‍ ഈസ്റ്റ് മേഖലയില്‍ ഫെഡറൽ ബാങ്ക് പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി യുഎഇ സഹിഷ്ണുത മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായി ശ്യാം ശ്രീനിവാസൻ കൂടിക്കാഴ്ച നടത്തി. വിജയകരമായ 15 വര്‍ഷങ്ങൾ ബാങ്കിന് സമ്മാനിച്ചതിൽ പങ്കാളികൾ, ഇടപാടുകാർ, ജീവനക്കാര്‍ തുടങ്ങി എല്ലാവരോടും കടപ്പാടുണ്ടെന്നും ലോകമൊട്ടാകെയുള്ള ഇടപാടുകാർക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിന് പ്രതിജ്ഞാബദ്ധരാണെന്നും ശ്യാം ശ്രീനിവാസന്‍ പറഞ്ഞു.
ഡിജിറ്റല്‍ രംഗത്ത് മുന്നിട്ടുനില്‍ക്കുമ്പോഴും മാനുഷിക മൂല്യങ്ങൾക്ക് ഊന്നല്‍ നല്‍കുന്ന ബാങ്കിങ് സേവനങ്ങളാണ് ഫെഡറല്‍ ബാങ്കിനെ സവിശേഷമാക്കുന്നത്. ‘ഡിജിറ്റല്‍ അറ്റ് ദ് ഫോര്‍, ഹ്യൂമന്‍ അറ്റ് ദ് കോര്‍’ എന്ന ആശയത്തെ മുന്നോട്ട് നയിക്കുന്ന പുതിയ ബ്രാന്‍ഡ് കാമ്പയിന്‍ ഫെബ്രുവരി 12ന് ഇന്ത്യയില്‍ തുടക്കമാകും. ദുബായിൽ നടന്ന വാർത്താസമ്മേളനത്തിൽ മിഡിലീസ്റ്റ് ചീഫ് റെപ്രസന്റെറ്റീവ് ഓഫീസർ അരവിന്ദ് കാർത്തികേയൻ, ദുബായ് ചീഫ് റെപ്രസന്റെറ്റീവ് ഓഫിസർ ഷെറിൻ കുര്യാക്കോസ് തുടങ്ങിയവരും സംബന്ധിച്ചു.