രാജ്യത്ത് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനെ (ബിബിസി) നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജി ‘പൂര്‍ണ്ണമായും തെറ്റായ ധാരണ’ എന്ന് വിശേഷിപ്പിച്ചാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. ഇന്ത്യയ്ക്കും സര്‍ക്കാരിനുമെതിരെ ബിബിസി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് ഹിന്ദു സേന അധ്യക്ഷന്‍ വിഷ്ണു ഗുപ്തയാണ് പൊതുതാല്‍പര്യ ഹര്‍ജി സമർപ്പിച്ചത്. 2002-ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ഡോക്യുമെന്ററി നരേന്ദ്ര മോദിക്കെതിരെയുള്ള ശീതപ്രചാരണത്തിന്റെ പ്രതിഫലനമാണെന്നും അത് അദ്ദേഹത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ബിബിസി നടത്തുന്ന ഹിന്ദുത്വ വിരുദ്ധ പ്രചാരണമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
എങ്ങനെ ഇത് വാദിക്കാന്‍ കഴിയും? ഇത് തികച്ചും തെറ്റായ ധാരണയാണ്. ബിബിസി നിരോധിക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ കോടതിയോട് ആവശ്യപ്പെടാനാകും?’ ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.
നേരത്തെ ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍ എന്ന ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ തടയാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ട്വിറ്ററിനും യൂട്യൂബിനും കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരുന്നു. വസ്തുനിഷ്ഠതയില്ലാത്തതും കൊളോണിയല്‍ ചിന്താഗതിയെ പ്രതിഫലിപ്പിക്കുന്നതുമായ ആവിഷ്‌കാരമെന്ന് ചൂണ്ടിക്കാട്ടിയാണ് വിദേശകാര്യ മന്ത്രാലയം ഡോക്യുമെന്ററിയെ തടഞ്ഞത്. ബിബിസി ഡോക്യുമെന്ററിയായ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ നിരോധിക്കുന്നത് ‘അപരാധവും ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണ്’ എന്ന് വിശേഷിപ്പിച്ച് അഭിഭാഷകനായ എം എല്‍ ശര്‍മ്മ ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ബിബിസി ഡോക്യുമെന്ററിയുടെ ലിങ്കുകളുള്ള ട്വീറ്റുകള്‍ നീക്കിയതിനെതിരെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ റാമും അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും കോടതിയെ സമീപിച്ചിരുന്നു.