ഇ പി ജയരാജനുമായി ബന്ധപ്പെട്ട അനധികൃത സ്വത്ത് സമ്പാധന വിവാദത്തിന് ശേഷമുള്ള ആദ്യത്തെ സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ഇ പി ജയരാജനെതിരെ ആരോപണം ഉന്നയിച്ച പി ജയരാജൻ ഇതുവരെ രേഖാമൂലം പരാതി എഴുതി നൽകിയിട്ടില്ല. അതുകൊണ്ടുതന്നെ പരാതി ലഭിക്കാത്ത സാഹചര്യത്തിൽ പാർട്ടി എന്ത് നിലപാടാണ് എടുക്കുക എന്നുള്ള കാര്യവും ഇന്നത്തെ യോഗത്തിൽ അറിയാം എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ധനസെസ്, പ്രതിപക്ഷ സമരം തുടങ്ങിയ വിഷയങ്ങൾ സമിതിയോഗത്തിൽ ചർച്ചയാകുമെന്നാണ് സൂചന.
ഇ പി യ്ക്കെതിരായി പി ജയരാജൻ ഉന്നയിച്ച അനധികൃത സാമ്പത്തികാരോപണം പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഇ പി നിഷേധിച്ചിരുന്നു. കണ്ണൂരിലെ ആയുർവേദ റിസോർട്ടിൽ തനിക്ക് ബന്ധമൊന്നുമില്ല എന്നും ഭാര്യയ്ക്കും മകനും ആണ് റിസോർട്ടിൽ ഇടപാട് ഉള്ളതെന്നും ഇ പി വിശദീകരണം നൽകിയിരുന്നു. ഇതിന് മറുപടിയായി സംസ്ഥാന സമിതി യോഗത്തിൽ വിശദീകരണം നൽകാനാണ് അന്ന് സെക്രട്ടറിയേറ്റ് യോഗം ഇ പി യോട് നിർദ്ദേശിച്ചത്.
അതേസമയം ആരോപണത്തിൽ നിന്നും പിന്മാറണമെന്ന് മുഖ്യമന്ത്രി അടക്കമുള്ളവർ ആവശ്യപ്പെട്ടതുകൊണ്ടാണ് പി ജയരാജൻ രേഖാമൂലം പരാതി എഴുതി നൽകാതിരിക്കുന്നതെന്ന് ആരോപണമുണ്ട്. എന്തായാലും ജയരാജന്മാർ വിഷയത്തിൽ പാർട്ടിയുടെ നിലപാട് ഇന്നും നാളെയുമായി അറിയാൻ കഴിയും എന്നാണ് പ്രതീക്ഷ.
ഇന്നത്തെ സംസ്ഥാന സമിതിയോഗത്തിൽ ഇ പി ജയരാജൻ വിഷയത്തെ കൂടാതെ ആലപ്പുഴയിലെ ലഹരി കടത്ത് സംഭവവും, ഇന്ധന സെസ് വിഷയവും, പ്രതിപക്ഷ സമരവും ചർച്ചയാകും. കഴിഞ്ഞ സിപിഎം സമ്മേളനകാലത്ത് പാർട്ടിയിൽ ഉണ്ടായ വിഭാഗീയതയെ കുറിച്ച് അന്വേഷിച്ച കമ്മീഷന്റെ റിപ്പോർട്ട് സമിതിയിൽ അവതരിപ്പിക്കുകയും മേൽ നടപടി യോഗത്തിൽ എടുക്കുകയും ചെയ്യും.