തുർക്കിയിലും സിറിയയിലും ഭൂകമ്പത്തിൽ വലിയ ദുരന്തത്തെ അഭിമുഖീകരിക്കുകയാണ്. 15000 ത്തിൽ അധികം ആളുകൾ മരണമടഞ്ഞതായാണ് റിപോർട്ടുകൾ പുറത്തുവരുന്നത്. അതിനിടെ ഇന്ത്യൻ ആർമിയും, എൻഡിആർഎഫ് സംഘവും തുർക്കിയിലെ രക്ഷാപ്രവർത്തനത്തിന്റെ മുൻനിരയിൽ എത്തിയിട്ടുണ്ട്. ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ ഇന്ത്യൻ സൈന്യം ഫീൽഡ് ഹോസ്‌പിറ്റൽ നിർമ്മിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സ ഇവിടെ തുടർച്ചയായി നടക്കുന്നുമുണ്ട്. എൻഡിആർഎഫിന്റെ മൂന്ന് സംഘങ്ങൾ വിവിധ പ്രദേശങ്ങളിലെ കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ ജീവനുകൾക്കായി തിരച്ചിൽ നടത്തുകയാണ്.
‘ഓപ്പറേഷൻ ദോസ്ത്’ എന്ന പേരിൽ ഇന്ത്യ തുർക്കിയിലേക്ക് പ്രത്യേക സഹായം അയച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് എൻഡിആർഎഫിന്റെ മൂന്ന് ടീമുകൾ രക്ഷാപ്രവർത്തനത്തിനായി തുർക്കിയിൽ എത്തി. ഈ ടീമുകളിൽ പ്രത്യേക റെസ്ക്യൂ ഡോഗ് സ്ക്വാഡും ഉൾപ്പെടുന്നു. ഇതിന് പുറമെ ഇന്ത്യൻ സൈന്യത്തിന്റെ മെഡിക്കൽ സംഘവും തുർക്കിയിൽ എത്തിയിട്ടുണ്ട്.
തുർക്കിയിൽ മാത്രം ഇതുവരെ 12,391 പേരും, സിറിയയിൽ 2992 പേരും മരിച്ചു. ഇരുരാജ്യങ്ങളിലുമായി 11000-ത്തിലധികം കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. .തിങ്കളാഴ്‌ച തുർക്കിയിലും സിറിയയിലും 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. തുർക്കി-സിറിയ അതിർത്തിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇത്തരമൊരു സാഹചര്യത്തിൽ ഇരു രാജ്യങ്ങളിലും വൻ നാശനഷ്‌ടമാണ് ഉണ്ടായിരിക്കുന്നത്. ഭൂകമ്പത്തിന്റെ കെടുതികൾ നേരിടുന്ന തുർക്കിക്ക് ഇന്ത്യയടക്കം 70 രാജ്യങ്ങളും, 14 അന്താരാഷ്ട്ര സംഘടനകളും സഹായത്തിനായി മുന്നോട്ട് വന്നിട്ടുണ്ട്.