അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിന് ഇ-സേഫ്റ്റി ചൈൽഡ് ഓൺലൈൻ പ്രൊട്ടക്ഷൻ അവാർഡ് ലഭിച്ചു. 48 സ്കൂളുകളിൽനിന്ന് മികച്ച 10 സ്കൂളുകളെയാണ് തിരഞ്ഞെടുത്തത്. അതിൽ ഒന്നാണ് ഹാബിറ്റാറ്റ് സ്കൂൾ. ഏഴ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തിരഞ്ഞെടുപ്പ്. അബൂദബി അനന്തര ഈസ്റ്റേൺ മംഗ്രോവ്സിൽ നടന്ന ചൈൽഡ് വെൽ ബീയിങ് ഇൻ എ ഡിജിറ്റൽ വേൾഡ് കോൺഫറൻസിൽ അവാർഡ് വിതരണവും നടന്നു. യു.എ.ഇ സഹിഷ്ണുത, സഹവർത്തിത്വ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മബാറക് അൽ നഹ്യാനായിരുന്നു മുഖ്യാതിഥി. ഹാബിറ്റാറ്റ് സ്കൂൾ സി.ഇ.ഒ (അക്കാദമിക്) ആദിൽ സി.ടിയും സ്കൂൾ പ്രിൻസിപ്പൽ ബാല റെഡ്ഢി അമ്പാട്ടിയും ചേർന്ന് അബൂദബി ഫാമിലി കെയർ അതോറിറ്റി ഡയറക്ടർ ജനറൽ ബുഷ്റ അൽ മുല്ല, എമിറേറ്റ്സ് സെയ്ഫർ ഇന്റർനെറ്റ് സൊസൈറ്റി ചെയർമാൻ അബ്ദുല്ല മുഹമ്മദ് അൽമെഹ്യാസ് എന്നിവരിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
ഹാബിറ്റാറ്റ് സ്കൂളിലെ സരിനാഹ് കാസി, ഐസ്ക കൗസർ, നിജ അബ്ദുൽ ഖാദിർ എന്നീ വിദ്യാർഥികളെ ഇ-സേഫ്റ്റി അംബാസഡറായി തിരഞ്ഞെടുത്തു. ഇവരുടെ ‘സേഫ്റ്റി ഓഫ് ചിൽഡ്രൻ ഇൻ ദ ഡിജിറ്റൽ വേൾഡ്’ എന്ന പ്രോജക്ടിന് പ്രത്യേക അംഗീകാരം ലഭിച്ചു. കോൺഫറൻസിലൂടെ ഇ-സേഫ്റ്റിക്കായി പ്രത്യേകം സജ്ജീകരണങ്ങളൊരുക്കിയ എല്ലാ സ്കൂളുകൾക്കും പ്രത്യേക അംഗീകാരം നൽകി.
കുട്ടികളുടെ പഠനത്തിനായി ഏറ്റവും നൂതനവും മികച്ചതുമായ രീതികളാണ് സ്വീകരിക്കുന്നതെന്ന് ഹാബിറ്റാറ്റ് സ്കൂൾ മാനേജിങ് ഡയറക്ടർ ഷംസു സമാൻ അഭിപ്രായപ്പെട്ടു. ഈ അംഗീകാരം അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്യൂണിറ്റി ഡെവലപ്മെന്റ് മന്ത്രാലയത്തിന്റെ നിർദേശപ്രകാരം സ്ഥാപിതമായ സർക്കാർ സ്ഥാപനമായ എമിറേറ്റ്സ് സേഫർ ഇന്റർനെറ്റ് സൊസൈറ്റി (ഇ-സേഫ്) ഏർപ്പെടുത്തിയ അവാർഡ് ഓൺലൈൻ അപകടസാധ്യതകൾ ഒഴിവാക്കി ഉത്തരവാദിത്തത്തോടെ ഇന്റർനെറ്റ് ഉപയോഗിക്കാൻ കുട്ടികളെയും യുവാക്കളെയും പ്രാപ്തരാക്കും .