കളമശ്ശേരിയിൽ ഇറച്ചി വിതരണം ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും അഴുകിയ ഇറച്ചി പിടിച്ചെടുത്ത സംഭവത്തിൽ ഇറച്ചി വിതരണം ചെയ്ത ഹോട്ടലുകളുടെ ലിസ്റ്റ് നഗരസഭ പുറത്തുവിട്ടു. കൊച്ചിയിൽ മുൻപന്തിയിൽ നിൽക്കുന്ന ഹോട്ടലുകൾ, ബേക്കറികൾ, മാളുകൾ തുടങ്ങിയവ ലിസ്റ്റിൽ ഉൾപ്പെടുന്നുണ്ട്. കളമശ്ശേരി കൈപ്പടമുക്കിലെ ഇറച്ചി പിടിച്ചെടുത്ത വീട്ടിൽ നിന്നുമാണ് ഇറച്ചി വിതരണം ചെയ്ത സ്ഥാപനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഇത് അനുസരിച്ച് തയ്യാറാക്കിയ സ്ഥാപനങ്ങളുടെ ലിസ്റ്റ് പുറത്തുവിടാൻ നഗരസഭ തയ്യാറായിരുന്നില്ല. ഇത് സംബന്ധിച്ച് വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നഗരസഭ ലിസ്റ്റ് പുറത്തുവിടാൻ തയ്യാറായത്.കളമശ്ശേരിയിലെ ഇറച്ചി പിടികൂടിയ വീട്ടിൽ നിന്നും 500 കിലോയോളം അഴുകിയ ഇറച്ചിയാണ് പിടികൂടിയത്. ഇവിടെ നിന്നും 150 ഓളം ലിറ്റർ പഴകിയ എണ്ണയും പിടികൂടിയിരുന്നു.
അതേസമയം 65 പേർക്ക് ഭക്ഷ്യവിഷബാധ ഏൽക്കാൻ കാരണമായ ഹോട്ടൽ മജ്‌ലിസിന്റെ ലൈസൻസ് ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ പറവൂരിൽ നടത്തിയ പരിശോധനയിൽ ഇന്ന് കുമ്പാരീസ് ഹോട്ടലിൽ നിന്നും പഴയ ഭക്ഷണം പിടിച്ചെടുത്തിരുന്നു. എറണാകുളത്ത് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന ശക്തമാക്കിയിട്ടുണ്ട്.