ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തിനിടെ ഇരട്ട കുട്ടികൾ മരിച്ചു. കാർത്തികപ്പള്ളി സ്വദേശിനിയുടെ കുട്ടികളാണ് മരിച്ചത്. അതേസമയം ഇന്നലെ ഉച്ചവരെ കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളതായി ഡോക്ടർമാർ അറിയിച്ചിട്ടില്ലെന്ന് ഇരട്ടക്കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ അമ്മ സജിതയുടെ ബന്ധുക്കൾ ആരോപിച്ചു. പ്രധാന ഡോക്ടർക്ക് പകരം ഡ്യൂട്ടി ഡോക്ടറാണ് സിസേറിയൻ നടത്തിയതെന്നും ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ 16ന് സിസേറിയൻ നിശ്ചയിച്ചതാണ്. എന്നാൽ വേദനയില്ലെന് പറഞ്ഞ് മാറ്റി വെച്ചു. ഇന്നലെ ഉച്ചക്ക് ഒരു കുഞ്ഞിന് അനക്കം ഇല്ലാതായി.
അതേസമയം ഇരട്ടക്കുഞ്ഞുങ്ങളുടെ മരണത്തിൽ വീഴ്ചയില്ലെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് അബ്ദുൾ സലാം പറഞ്ഞു. കുട്ടികളുടെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചു. മരണ കാരണം ട്വിൻ ടു ട്വിൻ ട്രാൻസ്ഫ്യുഷൻ സിൻഡ്രോം ആണെന്നും ഡോക്ടർ പറഞ്ഞു.
കാർത്തികപ്പള്ളി സ്വദേശിനിയായ യുവതിക്ക് ഇന്നായിരുന്നു ശസ്ത്രക്രിയയ്ക്ക് പറഞ്ഞിരുന്നത്. എന്നാൽ ഇന്നലെ വൈകിട്ടോടെ വേദന കൂടിയതിനാൽ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ശസ്‌ത്രക്രിയ ചെയ്ത് പുറത്തെടുക്കുമ്പോഴേക്കും കുഞ്ഞുങ്ങൾ മരിച്ചിരുന്നു എന്നാണ് ആശുപത്രിയുടെ വിശദീകരണം. നാല് ദിവസം മുമ്പാണ് പ്രസവത്തിനായി യുവതി ആശുപത്രിയിൽ എത്തിയത്.