കാസർകോട് പരവനടുക്കം സ്വദേശിനി അഞ്ജുശ്രീ (19)യുടെ മരണത്തിന് പിന്നിലെ വില്ലൻ എലി വിഷമാണെന്ന് റിപ്പോർട്ട്. അമിതഅളവിൽ എലിവിഷം ഉള്ളിൽ ചെന്നതാണ് മരണകാരണമെന്നാണ് രാസ പരിശോധനാഫലം. കോഴിക്കോട് റീജണൽ ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. വിഷം ഉള്ളിൽ ചെന്ന് കരൾ തകർന്നാണ് അഞ്ജുശ്രീ മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ അത് ഭക്ഷ്യവിഷബാധ അല്ല എന്നും മറ്റേതോ വിഷമാണ് ഉള്ളിൽ ചെന്നതെന്നുമായിരുന്നു ഡോക്ടറുടെ റിപ്പോർട്ട്.
ഭക്ഷ്യ വിഷബാധയെ തുടർന്നാണ് പെൺകുട്ടിയുടെ മരണമെന്നായിരുന്നു ആദ്യ നിഗമനം. റിപ്പോർട്ടിനെ തുടർന്ന് പോലീസ് വിശദമായ അന്വേഷണം ആരംഭിക്കുകയും പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് പെൺകുട്ടി ആത്മഹത്യചെയ്തതാണെന്ന പ്രാഥമിക നിഗമനത്തിൽ പോലീസ് എത്തിച്ചേരുകയായിരുന്നു. പെൺകുട്ടിയുടെതെന്ന് കരുതുന്ന ആത്മഹത്യകുറിപ്പ് സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് പോലീസ് കൈമാറിയിട്ടുണ്ട്. സുഹൃത്തിന്റെ മരണവുമായി ബന്ധപ്പെട്ടിട്ടുണ്ടായ മാനസികസമ്മർദ്ദം സഹിക്കാൻ കഴിയാതെയാണ് ആത്മഹത്യചെയ്യുന്നത് എന്ന സൂചന കത്തിൽ ഉള്ളതായാണ് വിവരം. ആത്മഹത്യയാണെന്ന് തെളിയിക്കുന്ന പെൺകുട്ടിയുടെ ഫോൺ വിവരങ്ങൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.