മുൻ കേന്ദ്രമന്ത്രിയും ആർജെഡി നേതാവുമായ ശരദ് യാദവ് (75) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുഗ്രാമിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ജെഡിയുവിന്റെ ആദ്യ ദേശീയ അധ്യക്ഷനായ അദ്ദേഹം ഏഴു തവണ ലോക്‌സഭാംഗവും മൂന്നു തവണ രാജ്യസഭാംഗവുമായിരുന്നു. 1999നും 2004-നും ഇടയില്‍ അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരില്‍ ശരദ് യാദവ് വ്യോമയാന, ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്നു.
2003-ല്‍ യാദവ് തന്റെ മുന്‍ അനുയായിയായ നിതീഷ് കുമാര്‍ ഉള്‍പ്പെട്ട ജനതാദള്‍ യുണൈറ്റഡ് ജെ ഡി യുവിന്റെ പ്രസിഡന്റായി. 2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് നിതീഷ് കുമാറിന്റെ സഹായത്തോടെ രാജ്യസഭയിലേക്കെത്തി. 2009ല്‍ ശരദ് യാദവ് വീണ്ടും മധേപുരയില്‍ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2017-ല്‍ നിതീഷ് കുമാറിന്റെ കീഴിലുള്ള ജെ ഡി യു ബിജെപിയുമായി വീണ്ടും സഖ്യമുണ്ടാക്കിയപ്പോള്‍ ശരദ് യാദവ് പിന്തുടരാന്‍ വിസമ്മതിച്ചു. 2018 ല്‍ സ്വന്തം പാര്‍ട്ടിയായ ലോക്തന്തരിക് ജനതാദള്‍ (എല്‍ജെഡി) സ്ഥാപിച്ചു. തുടര്‍ന്ന് രാജ്യസഭയില്‍ നിന്ന് അയോഗ്യനാക്കുകയും പാര്‍ട്ടി നേതൃസ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. 2022 മാര്‍ച്ചില്‍, മൂന്നു പതിറ്റാണ്ടുകള്‍ക്കു ശേഷം എല്‍ജെഡി ലാലു പ്രസാദിനൊപ്പം രാഷ്ട്രീയ ജനതാദളില്‍ ലയിക്കുമെന്ന് യാദവ് പ്രഖ്യാപിച്ചു.