വാഷിങ്ടൻ: ഇന്നലെ കംപ്യൂട്ടർ സംവിധാനം തകരാറിലായതോടെ സ്തംഭിച്ച യുഎസിലെ വിമാന സർവീസുകൾ വീണ്ടും തുടങ്ങിയെന്ന് അധികൃതർ അറിയിച്ചു. യുഎസ് സമയം ബുധനാഴ്ച പുലർച്ചെ 2നു ശേഷമാണു പൈലറ്റുമാർക്കു സുരക്ഷാ മുന്നറിയിപ്പുകൾ നൽകുന്ന കേന്ദ്രീകൃത സംവിധാനം തകരാറിലായത്. സുരക്ഷാപ്രശ്നം കണക്കിലെടുത്ത് എല്ലാ ആഭ്യന്തര വിമാനങ്ങളും സർവീസ് നിർത്തിവയ്ക്കാൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) ഉത്തരവിട്ടിരുന്നു.
ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ (എഫ്എഎ) സംവിധാനത്തിൽ വന്ന സാങ്കേതിക തകരാർ പരിഹരിച്ചുവെന്നും സർവീസുകൾ സാധാരണനിലയിലേക്കു മടങ്ങുകയാണെന്നും അധികൃതർ പറഞ്ഞു.
പ്രതികൂല കാലാവസ്ഥ, അടഞ്ഞ റൺവേ, യാത്രാപാതയിലെ പക്ഷിശല്യം, വിമാനത്താവളത്തിലെ അറ്റകുറ്റപ്പണി തുടങ്ങിയ കാര്യങ്ങളിൽ പൈലറ്റുമാർക്കു സുരക്ഷാ മുന്നറിയിപ്പുകൾ കോഡുകളായി നൽകുന്ന സംവിധാനമായ ‘നോട്ടിസ് ടു എയർ മിഷൻസ്’ (NOTAM) സംവിധാനമാണു തകരാറിലായത്ഈ സംവിധാനം പ്രവർത്തനക്ഷമമല്ലെങ്കിൽ വിമാനം പറപ്പിക്കാൻ പാടില്ലെന്നാണു ചട്ടം.
അതേസമയം, സൈബർ ആക്രമണം ആണിതെന്നതിന് ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. വിശദമായ അന്വേഷണത്തിന് ഗതാഗത വിഭാഗത്തിന് പ്രസിഡന്റ് ജോ ബൈഡൻ നിർദേശം നൽകിയെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയെറി വാർത്താസമ്മേളനത്തിൽ അറിയിച്ചു.