കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴും പാഴ്ച്ചിലവ് നടക്കുന്നതായി പരാതി നിലനിൽക്കുമ്പോഴും നിയമസഭാസാമാജികരുടെ ശമ്പളവര്‍ധനശുപാര്‍ശ സര്‍ക്കാരിന് മുന്നിലെത്തി. വിവിധ അലവൻസുകളിൽ മുപ്പത് മുതൽ മുപ്പത്തഞ്ച് ശതമാനം വരെ വര്‍ധനവിനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. യാത്ര ചെലവുകൾ ഫോൺസൗകര്യം ചികിത്സ താമസം തുടങ്ങി വിവിധ അലവൻസുകളിലെല്ലാം വര്‍ധനവിന് നിര്‍ദ്ദേശമുണ്ട്. ശമ്പള വര്‍ധനവിനെ കുറിച്ച് പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ നായര്‍ കമ്മീഷൻ സര്‍ക്കാരിന് റിപ്പോര്ട്ട് സമര്‍പ്പിച്ചു.
മന്ത്രിമാര്‍ക്ക് നിലവിൽ 97,429 രൂപയും എംഎൽഎമാര്‍ക്ക് 70000 രൂപയും ആണ് നിലവിൽ ശമ്പളം. ഇതിനുമുൻപ് 2018 ലാണ് ഇതിന് മുൻപ് ശമ്പള വര്ദ്ധന നടപ്പാക്കിയത്. ദൈനം ദിന ചെലവുകൾ കൂടിയ സാഹചര്യത്തിൽ ആനുകൂല്യങ്ങളും അലവൻസുകളും കാലോചിതമായി പരിഷ്കരിക്കണമെന്ന ആവശ്യം ശക്തമായപ്പോഴാണ് ജൂലൈയിൽ ജസ്റ്റിസ് രാമചന്ദ്രൻ നായരെ ഏകാംഗ കമ്മീഷനാക്കി മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തിയത്. മന്ത്രിസഭായോഗമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്.