ബലാത്സംഗം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ മുന്‍ സിഐ പി.ആര്‍.സുനുവിനെ പോലീസ് സേനയില്‍നിന്നു പിരിച്ചുവിട്ടു. പൊലീസ് ആക്ടിലെ വകുപ്പ് 86 പ്രകാരം ഡിജിപിയാണ് നടപടിയെടുത്തത്. ക്രിമിനല്‍ പശ്ചാത്തലമുള്ള സാഹചര്യത്തിലാണ് ഡിജിപിയുടെ നടപടി. 15 പ്രാവശ്യം വകുപ്പുതല നടപടിയും ആറ് സസ്പെൻഷനും നേരിട്ട ഉദ്യോഗസ്ഥനാണ് സുനു. തുടർച്ചയായി കുറ്റകൃത്യം ചെയ്യുന്ന, ബലാൽസംഗം ഉൾപ്പെടെ ക്രിമിനൽ കേസിൽ പ്രതിയ വ്യക്തിക്ക് പൊലീസിൽ തുടരാൻ യോഗ്യതയില്ലെന്ന് നടപടിയെടുത്ത ഡിജിപി ഉത്തരവിൽ വ്യക്തമാക്കി. ആദ്യമായാണ് ഈ വകുപ്പ് ഉപയോഗിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥനെ സേനയില്‍ നിന്നും പിരിച്ചുവിടുന്നത്.
പി.ആര്‍.സുനുവിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്ത് ഡിജിപി അനില്‍കാന്ത് ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തൃക്കാക്കരയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ കേസില്‍ മൂന്നാം പ്രതിയാണ് പി.ആര്‍.സുനു. സുനു പ്രതിയായ 6 ക്രിമിനല്‍ കേസുകളില്‍ നാലെണ്ണം സ്ത്രീപീഡനത്തിന്റെ പരിധിയിലുള്ളതാണ്. കൊച്ചിയിലും കണ്ണൂരിലും തൃശൂരിലും ജോലി ചെയ്യുമ്പോള്‍ പോലീസിന്റെ അധികാരം ഉപയോഗിച്ച് പീഡനത്തിന് ശ്രമിച്ചെന്നത് അതീവ ഗുരുതരമാണ്. 6 മാസം ജയില്‍ശിക്ഷയും സുനു അനുഭവിച്ചിട്ടുണ്ട്.
പിരിച്ചുവിട്ട ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് സുനു പ്രതികരിച്ചു. തനിക്കെതിരെ ഒരു കേസ് മാത്രമാണ് നിലവിലുള്ളത്. ഇതിൽ വേഗത്തിൽ വിചാരണ നടത്താനായി ഹൈക്കോടതിയെ ഉടൻ സമീപിക്കുമെന്നും സുനു പറഞ്ഞു