കേരളത്തിലെ മൂന്ന് ഗവൺമെന്റ് ലോ കോളേജ് പ്രിൻസിപ്പമാരുടെ നിയമനം റദ്ദ് ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടു. തിരുവനന്തപുരം,തൃശ്ശൂർ, എറണാകുളം ലോ കോളേജുകളിൽ നടത്തിയ പ്രിൻസിപ്പൽ നിയമനമാണ് ട്രൈബ്യൂണൽ റദ്ദാക്കിയത്. ജസ്റ്റിസ് പി. ബി.ആശ, പി.കെ കേശവൻ എന്നിവർ അടങ്ങിയ ബെഞ്ചിന്റെതാണ് വിധി. യുജിസി മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നിയമനങ്ങൾ നടത്തിയത് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. യൂണിവേഴ്സിറ്റി കോളേജിലെ അസോസിയേറ്റ് പ്രൊഫസറായിരുന്ന ഡോക്ടർ എസ്. ബാബു നൽകിയ ഹർജിയിലാണ് ഉത്തരവ്. യുജിസി മാനദണ്ഡപ്രകാരം സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച് നിയമനം നടത്താൻ സർക്കാറിന് ട്രൈബ്യൂണൽ നിർദ്ദേശം നൽകിയിട്ടുണ്ട്.
നേരത്തെ സംസ്ഥാനത്തെ 12 കോളേജ് പ്രിൻസിപ്പൽമാരുടെ നിയമനം നിയമവിരുദ്ധമാണെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ കണ്ടെത്തിയിരുന്നു.ഇതിന് പിന്നാലെയാണ് ലോകോളേജ് പ്രിൻസിപ്പൽ നിയമനവും ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയത്. ഇതിനെ തുടർന്നാണ് ട്രൈബ്യൂണൽ നിയമനം റദ്ദാക്കുന്നത്. പ്രിൻസിപ്പൽമാർക്ക് നൽകിവരുന്ന ആനുകൂല്യങ്ങൾ തിരിച്ചുപിടിക്കാനും ട്രിബ്യൂണലിന്റെ നിർദ്ദേശമുണ്ട്.