പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഈ മാസം 23ന് തുടക്കമാകും. ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തോടെ ആണ് സഭാസമ്മേളനത്തിന് തുടക്കമാവുക. 24ന് സഭ ചേരില്ല. തുടര്‍ന്ന് ജനുവരി 25, ഫെബ്രുവരി 1,2 തീയതികളില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തിന്‍മേലുളള നന്ദിപ്രമേയ ചര്‍ച്ച നടക്കും. ഫെബ്രുവരി മൂന്നിന് 2023-2024 വര്‍ഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും. ഫെബ്രുവരി ആറ് മുതല്‍ എട്ട് വരെ ബജറ്റിനെക്കുറിച്ചുള്ള പൊതുചര്‍ച്ച. ഫെബ്രുവരി 10ന് ബജറ്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ താത്കാലികമായി അവസാനിപ്പിക്കുന്ന സഭ ബജറ്റ് പാസാക്കാനായി ഫെബ്രുവരി മാസം അവസാനത്തോടെ വീണ്ടും ചേരും. മാര്‍ച്ച് മാസത്തില്‍ എട്ടാം നിയമസഭാ സമ്മേളനം അവസാനിപ്പിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
ജനുവരി 23 മുതല്‍ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ നേതൃത്വത്തിലുള്ള മന്ത്രിതല ഉപസമിതിയെയാണ് ഗവര്‍ണറുടെ നയപ്രസംഗത്തിന്റെ കരട് തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. മന്ത്രിമാരായ കെ രാജന്‍, റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍ എന്നിവരാണ് ഉപസമിതിയിലുള്ളത്.