150 ആം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തന്നെ ആരംഭിക്കുമെന്ന് സർക്കാർ. സജി ചെറിയാന്റെ മന്ത്രിസഭാ പുനപ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന അനിശ്ചിതത്വത്തിന് ഒടുവിൽ സത്യപ്രതിജ്ഞയ്ക്ക് ഗവർണർ അനുമതി നൽകിയതിന് പിന്നാലെയാണ് സർക്കാറിന്റെ പുതിയ നീക്കം. ഗവർണറുടെ നയപ്രഖ്യാപനപ്രസംഗം ഒഴിവാക്കി ഏഴാം സമ്മേളനത്തിന്റെ തുടർച്ചയായി സഭചേരാൻ ആയിരുന്നു നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ സജി ചെറിയാന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് ഗവർണർ നിലപാട് മാറ്റുകയും സത്യപ്രതിജ്ഞയ്ക്കുള്ള അനുമതി നൽകിയതോടും കൂടിയാണ് സർക്കാർ തീരുമാനം മാറ്റുന്നത്. സമ്മേളനം ഡിസംബറിൽ അവസാനിച്ചെങ്കിലും സഭ പിരിഞ്ഞ കാര്യം ഗവർണറെ അറിയിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഏഴാം സമ്മേളനത്തിന്റെ തുടർച്ചയായി ജനുവരിയിൽ പുതിയ സഭ ചേരാൻ സാധിക്കുമായിരുന്നു. എന്നാൽ ഗവർണറുടെ നയ പ്രഖ്യാപനത്തോടുകൂടി പുതിയ സമ്മേളനം തുടങ്ങാൻ തീരുമാനിച്ചതിനാൽ ഏഴാം സമ്മേളനം പിരിഞ്ഞതായി ഗവർണറെ സർക്കാർ രേഖ മൂലം അറിയിക്കും. നിയമസഭ വീണ്ടും ചേരുന്നതിനായി നാളെ മന്ത്രിസഭാ യോഗം ചേർന്ന് ഗവർണർക്ക് ശുപാർശ ചെയ്യും