ഇടുക്കി തിങ്കൾക്കാടിന് സമീപം ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് കോളേജ് വിദ്യാർത്ഥി മരിച്ചു. ഇന്ന് പുലർച്ചെ ഒന്ന് പതിനഞ്ചോടെയാണ് അപകടം നടന്നത്. മലപ്പുറം സ്വദേശി മിൻഹാജ് ആണ് മരിച്ചത്. വളാഞ്ചേരിയിൽ നിന്നും കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ്സാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.
വളാഞ്ചേരിയിൽ റീജിയണൽ കോളേജ് വിദ്യാർത്ഥികൾ വാഗമൺ സന്ദർശിച്ചത് മടങ്ങുന്നതിനിടെയാണ് ഇന്ന് പുലർച്ചെ അപകടം നടന്നത്. തിങ്കൾക്കാട്ട് കുത്തനെയുള്ള ഇറക്കത്തിൽ വച്ച് ബസിന് നിയന്ത്രണംനഷ്ടപ്പെടുകയും 70 അടി താഴ്ചയിലേക്ക് ബസ് മറിയുകയുമായിരുന്നു. വിവരം അറിഞ്ഞെത്തിയ നാട്ടുകാരും പോലീസുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. രണ്ടുമണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് പരിക്കേറ്റവരെ വാഹനത്തിൽ നിന്നും പുറത്തെത്തിക്കാൻ കഴിഞ്ഞത്. മൊത്തം 41 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. മറിഞ്ഞ ബസ്സിന് അടിയിൽപെട്ടാണ് മിൻഹാജ് മരിച്ചത്. ഏറെ വൈകിയാണ് ബസ്സിന്റെ അടിയിൽ നിന്നും മിൻഹാജിന്റെ മൃതദേഹം പുറത്തെടുക്കാൻ സാധിച്ചത്. ഇന്ന് പുലർച്ചെ നാട്ടുകാർ നടത്തിയ തെരച്ചിലാണ് മിൻഹാജിന്റെ മൃതദേഹം കണ്ടെടുത്തത്. അപകടത്തിൽ പരിക്കേറ്റവരെ അടിമാലി ഗവൺമെന്റ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.